സോഷ്യല്‍ മീഡിയയിലെ വര്‍ഗീയ പരാമര്‍ശം; കെ ആര്‍ ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

single-img
3 September 2019

എഴുത്തുകാരി, ആകാശവാണി ഡയറക്ടർ എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ആര്‍ ഇന്ദിരയുടെ പേരിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ എംആര്‍ വിപിന്‍ദാസ് സിഐ പികെ പത്മരാജന് നൽകിയ പരാതിയിൽ കൊടുങ്ങല്ലൂര്‍ പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

തന്റെ എഴുത്തിലൂടെ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും, സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്. സമൂഹത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലാണ് ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

ഇപ്പോഴും കെ ആര്‍ ഇന്ദിരയുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കേന്ദ്ര സർക്കാർ നടപടിയെ തുടർന്ന് അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച കുറിപ്പും അതിലെ കമന്‍റുകളോടുള്ള എഴുത്തുകാരിയുടെ പ്രതികരണങ്ങളുമാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായത്.