Sports

ക്രിക്കറ്റ് താരം മിതാലി രാജ് ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മിതാലി രാജ് രാജ്യാന്തര ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ മൂന്ന് ടി-20 ലോകകപ്പുകളില്‍ (2012,2014,2016) രാജ്യത്തെ നയിച്ചത് മിതാലിയായിരുന്നു. ആകെ 89 അന്താരാഷ്‌ട്ര ടി-20 മത്സരങ്ങളില്‍ നിന്നായി 17 അര്‍ദ്ധസെഞ്ച്വറിയടക്കം 2364 റണ്‍സ് നേടിയിട്ടുണ്ട്.

97 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഈ വർഷം മാര്‍ച്ച് ഒമ്പതിനാണ് അവസാനമായി മിതാലി ടി-20 കളിച്ചത്. ആ കളിയിൽ 32 പന്തില്‍ 30 റണ്‍സെടുത്ത് മിതാലി പുറത്താവാതെ നിന്നു. അതേപോലെ, ടി-20 യില്‍ ആദ്യമായി 2000 റണ്‍സ് മറികടന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും മിതാലിയുടെ പേരിലാണ്.

2021ൽ നടക്കുന്ന ഏകദിനലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടി-20യില്‍ നിന്ന് വിരമിക്കുന്നതെന്ന് മിതാലി പറഞ്ഞു. ഇന്ത്യയ്ക്കായി ലോകകപ്പ് നേടുക എന്നത് സ്വപ്‌നമായി തുടരുകയാണെന്നും അതിനായി കഠിനപ്രയ്തനം നടത്തുകയാണെന്നും അവര്‍ പറഞ്ഞു. കരിയറിൽ തന്നെ പിന്തുണച്ച ബിസിസിഐയ്ക്കും സഹതാരങ്ങള്‍ക്കും മിതാലി നന്ദി അറിയിച്ചു.