മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണം: പോലീസ് വാദം കള്ളം; അപകടദിവസം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായി വിവരാവകാശ രേഖ

single-img
3 September 2019

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് ഉയർത്തിയ വാദം കള്ളമെന്നുതെളിയുന്നു. അപകടമുണ്ടായ തിരുവനന്തപുരം മ്യൂസിയം റോഡ് രാജ് ഭവന്‍ ഭാഗങ്ങളില്‍ പോലീസിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രവര്‍ത്തനക്ഷമമെന്നും അപകടദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായും വിവരാവകാശ രേഖ.

അപകടദിവസം ക്യാമറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. വിവരാവകാശ ചോദ്യത്തിന് പോലീസ് തന്നെ നല്‍കിയ മറുപടിയിലാണ് ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

തിരുവനന്തപുരം മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന്‍ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തിൽ ഫിക്‌സഡ് ക്യാമറകളും ഉണ്ടായിരുന്നു. നഗരത്തിലാകെ 235 ക്യാമറകള്‍ ഉണ്ടെന്നും നിലവിൽ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നതെന്നും രേഖയിൽ പറയുന്നുണ്ട്.

അതേസമയം നിലവിൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സർക്കാർ മാറ്റിയിരുന്നു, എസ്പി ഷാനവാസിനാണ് ഇപ്പോൾ അന്വേഷണത്തിന്റെ ചുമതല. മുൻപുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ഷിന്‍ തറയിലിനെയാണ് സർക്കാർ മാറ്റിയത്. കേസിൽ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച്ച വരുത്തി സസ്പെന്‍ഷനിലായ മ്യൂസിയം എസ്ഐ ജയപ്രകാശ് കേസില്‍ സാക്ഷിയാണ്.

അപകടം നടന്ന പിന്നാലെ ആദ്യം സ്ഥലത്തെത്തിയവരെന്ന നിലയില്‍ എസ്ഐയെയും ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും സാക്ഷിയാക്കാന്‍ ഡിവൈഎസ്പി ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ലഭ്യമായ സാക്ഷിമൊഴികളും തെളിവുകളും വിലയിരുത്തി രണ്ടാഴ്ച്ചക്കകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. മദ്യലഹരിയിൽ വാഹനമോടിച്ച് മനഃപൂര്‍വം അപകടം സൃഷ്ടിച്ചെന്ന കുറ്റമാകും ശ്രീറാമിനെതിരെ ചുമത്തുക.