തനിക്കെതിരെയുള്ള സിവില്‍ കേസ് തള്ളിയെന്ന് തുഷാർ വെള്ളാപ്പള്ളി

single-img
2 September 2019

തനിക്കെതിരെ യുഎഇയിൽ നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസ് തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോടതിയിലുള്ള ചെക്ക് കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നും പുറത്തൊരു ഒത്തുതീർപ്പിനില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നീങ്ങി കേസ് ജയിച്ച് എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ എന്നും തുഷാര്‍ പറഞ്ഞു.

അതേസമയം നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ല എന്ന വാദം തുഷാര്‍ ആവര്‍ത്തിക്കുകയും ചെയ്തു. കോടതിക്ക് വെളിയിൽ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല ദുബായ് കോടതിയില്‍ കഴിഞ്ഞ ദിവസം സിവില്‍ കേസ് നല്‍കിയത്. തുഷാറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ കോടതി മതിയായ രേഖകളില്ലെന്ന് കാണിച്ച് ഈ കേസ് കോടതി തള്ളുകയായിരുന്നുവെന്ന് ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. തനിക്കെതിരെയുള്ള കേസിനെ വര്‍ഗീയമായി വരെ തിരിച്ചുവിടാന്‍ നാസില്‍ ശ്രമിച്ചുവെന്നും തുഷാര്‍ ആരോപിച്ചു.