സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും കൊടുത്ത സംഭവം; വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍

single-img
2 September 2019

ലഖ്‌നൗ: യുപിയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും കൊടുത്ത സംഭവം റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തു. ജന്‍സന്ദേശ് എന്ന ഹിന്ദി പത്രത്തിലെ റിപ്പോര്‍ട്ടര്‍ പവന്‍ ജെയ്‌സ്വാളിനെതിരെയാണ് കേസെടുത്തത്. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കി , കുറ്റകരമായ ഗൂഡാലോചന നടത്തി തുടങ്ങിയവയാണ്‌ ഇയാള്‍ക്കു മേല്‍ ആരോപിക്കപ്പെട്ട കുറ്റം.

മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പും നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ജില്ലാമജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തി സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്തിരുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് സാധാരണസംഭവമായി മാറുകയാണ്. സര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്യുന്നതിനെ നേരിടാനാണ് പോലീസ് കേസുകള്‍ ചാര്‍ജ് ചെയ്ത് മാധ്യമ പ്രവര്‍ത്തകരെ ജയിലിലടക്കുന്നത്. ഇക്കാര്യം ജെയ്‌സ്വാളിനെ അറിയിച്ച ജനപ്രതിനിധി ഉള്‍പ്പെടെ രണ്ടുപേര്‍ ക്കെതിരെയും കേസെടുത്തിട്ടുണ്ട്.