പാലാരിവട്ടം പാലം പരിശോധനാ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്ന് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

single-img
2 September 2019

പാലാരിവട്ടം മേൽപാലത്തിന്‍റെ നിർമ്മാണത്തിൽ 30 കോൺക്രീറ്റ് സാമ്പിളുകളിൽ 80 ശതമാനവും മോശം നിലവാരത്തിലുള്ളതാണെന്ന പരിശോധനാ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ് എന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് ജഡ്ജിയുടെ പരാമര്‍ശം.

അതേസമയം കിറ്റ്കോ മുന്‍ എംഡി സിറിയക് ഡേവിസ്, കണ്‍സട്ടന്‍റ് ആയിരുന്ന ഷാലിമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദ്ദേശം നൽകി. ജനങ്ങൾക്ക് ജീവനും സ്വത്തിനും ഭീഷണിയുണർത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വിജിലൻസ് കോടതി ജഡ്ജി ബികെ ലാം പാഷ ചൂണ്ടിക്കാട്ടി.

പാലം നിർമ്മാണത്തിലെ അഴിമതിക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് വരാന്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തിൽ കണ്ണടയ്ക്കാൻ സാധിക്കില്ല എന്നും പറയുകയുണ്ടായി. അറസ്റ്റിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ചോദ്യം ചെയ്യണമെന്ന വിജിലന്‍സിന്‍റെ ആവശ്യം ന്യായമാണെന്നും അഞ്ചാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട്
കോടതി നിരീക്ഷിച്ചു.

നാല് ദിവസത്തേക്ക് കസ്റ്റഡിയാണ് വിജിലൻസ് ആവശ്യപ്പെട്ടിരുന്നത്. പ്രതികൾ കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അതേപോലെ, കേസിൽ ഉൾപ്പെട്ടിട്ടുള്ള മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമൊ എന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പി ആർ അശോകന്‍ പറഞ്ഞു.

പിഡബ്ല്യുഡി വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെയാണ് ഈ മാസം അഞ്ചാം തിയതി വരെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പാലാരിവട്ടം മേൽ പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് മറ്റ് പ്രതികള്‍.