തടവില്‍നിന്ന് മോചിപ്പിക്കുന്നത് വരെ ഷേവ് ചെയ്യില്ല: ഉമര്‍ അബ്ദുള്ള

single-img
2 September 2019

കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ള ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. അധികൃതർ തടവില്‍നിന്നും മോചിപ്പിക്കുന്നതു വരെ താൻ ഷേവ് ചെയ്യില്ലെന്ന് ഉമര്‍ അബ്ദുള്ള പറഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ അനുമതിയിൽ ഇന്ന് ഉമറിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടികാഴ്ചയ്ക്ക് ശേഷം ബന്ധുക്കള്‍ തന്നെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതായി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞത്. ഉമറിന്റെ മുതിർന്ന സഹോദരിയായ സഫിയ അബ്ദുള്ള, അവരുടെ രണ്ടു മക്കള്‍ എന്നിവരാണ് ഇവിടെയെത്തിയത്. ‘ഞാന്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉമര്‍ സാഹിബിനെ മൂന്നു തവണ കണ്ടു.
ഇന്നാവട്ടെ മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചതോടെയാണ് കണ്ടത്. തടവിലായ അദ്ദേഹത്തിന് പുറത്ത് എന്താണ് നടക്കുന്നതെന്നറിയില്ല. മാത്രമല്ല, അവിടെയുള്ള സാറ്റലൈറ്റ് ടിവി വര്‍ക്ക് ചെയ്യുന്നില്ല.

ഈ കാരണങ്ങളാൽ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പുറത്തുനടക്കുന്ന സംഭവങ്ങളുടെ കുറച്ച് സി ഡികള്‍ ഞങ്ങള്‍ നല്‍കി. തടവിൽ അദ്ദേഹം അവിടെ ബുക്കുകള്‍ വായിക്കുകയും സിനിമകള്‍ കാണുകയുമാണ് ചെയ്യുന്നത്. മുഖത്തിൽ താടി ഒരുപാട് വളര്‍ന്നു. എന്താണ് ഷേവ് ചെയ്യാത്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ജയില്‍ മോചിതനായശേഷമേ അതു ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു.’- സഫിയ പറഞ്ഞു.