അസം പൗരത്വ രജിസ്റ്റർ ; ഒഴിവാക്കപ്പെട്ട 19 ലക്ഷത്തോളം ആളുകൾക്ക് സമീപിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കിയത് 300 ട്രൈബ്യൂണലുകൾ

single-img
2 September 2019

അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ട പത്തൊൻപത് ലക്ഷത്തോളം ആളുകൾക്ക് സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 200 ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 120 ദിവസങ്ങൾ മാത്രമാണ് അപ്പീൽ നൽകാനുള്ള സമയം. ഇന്നാണ് പുതിയ ട്രൈബ്യൂണലുകൾ രൂപീകരിച്ചെന്നും ജനങ്ങൾക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തരമന്ത്രാലയം അറിയിപ്പ് നൽകിയത്.

ഈ മാസം 31 – മുതൽ 120 ദിവസത്തിനുള്ളിൽ ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകണമെന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. മുൻപ് വരെ 100 ഫോറിനേഴ്‍സ് ട്രൈബ്യൂണലുകളാണ് അസമിൽ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കേസുകൾ പരിഗണിക്കാൻ രൂപീകരിച്ചിരുന്നത്.

ഇന്ന് മുതൽ പുതുതായി 200 ട്രൈബ്യൂണലുകൾ കൂടി സ്ഥാപിച്ചതോടെ സംസ്ഥാനത്തെ ആകെ ട്രൈബ്യൂണലുകളുടെ എണ്ണം 300 ആയി – കേന്ദ്രആഭ്യന്തരമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. അതേസമയം അസം പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ളവരെ അറസ്റ്റ് ചെയ്യുകയോ, ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയക്കുകയോ ചെയ്യില്ല. പകരം നിയമപരമായ എല്ലാ നടപടികളും പൂർത്തിയാകുന്നത് വരെ അവരുടെ അവകാശങ്ങളൊന്നും കവർന്നെടുക്കില്ലെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ അറിയിച്ചു.

പട്ടികയിൽ ഉൾപ്പെടാതെ ട്രൈബ്യൂണലുകളെ സമീപിക്കുന്നവരെ ജുഡീഷ്യൽ പ്രക്രിയയിലൂടെയാണ് എല്ലാ അപ്പീലുകളും പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യുക. ഇതിന്റെ കാലാവധി കഴിഞ്ഞ ശേഷമേ അപ്പീലുകളിൽ വിചാരണ തുടങ്ങൂ. ഇത്തരത്തിൽ ട്രൈബ്യൂണലുകളിലും അപേക്ഷ തീർപ്പാക്കിക്കിട്ടാത്തവർക്ക് അസം ഹൈക്കോടതിയിലും അവിടെ നിന്ന് സുപ്രീംകോടതിയിലും ഹർജി നൽകാൻ അവകാശമുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് അറിയിച്ചു.

എല്ലാ ഘട്ടങ്ങൾക്കും ശേഷം പൗരൻമാരല്ലെന്ന് തെളിയിക്കപ്പെടുകയോ, ഉന്നത കോടതിയെ സമീപിക്കാതിരിക്കുകയോ ചെയ്യുന്നവരെ ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് മാറ്റാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം.