കാര്യവട്ടം ഏകദിനം; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നാല് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

single-img
2 September 2019

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്ന് നടന്ന മൂന്നാം ഏകദിനത്തിലുംജയിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പര ഇന്ത്യ എ സ്വന്തമാക്കി. മഴ കളി മുടക്കിയതിനാൽ മുപ്പത് ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കനേടിയ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് ജയിച്ചത്.

അർദ്ധ സെഞ്ചുറിയുമായി ക്യാപ്റ്റൻ മനീഷ് പാണ്ഡെയാണ്(59 പന്തില്‍ 81) ഇന്ത്യയുടെവിജയം അനായാസമാക്കിയത്. സ്‌കോര്‍ ബോർഡ്: ദക്ഷിണാഫ്രിക്ക എ-207/8 (30 ഓവർ), ഇന്ത്യ എ- 208/6 (27.5 ഓവർ). ഇന്ത്യയ്ക്കായി ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് ഒരു റണ്ണില്‍ പുറത്തായപ്പോള്‍ 40 റണ്‍സെടുത്ത ഇഷാന്‍ കിഷനും മനീഷ് പാണ്ഡെയും ചേര്‍ന്ന് തുടക്കം ഭദ്രമാക്കി.

പക്ഷെ തുടർന്ന് വന്ന റിക്കി ഭുവി(0), ക്രുനാല്‍ പാണ്ഡ്യ(13) എന്നിവര്‍ക്കും തിളങ്ങാനായില്ല. പാണ്ഡെക്ക് പിന്നാലെ എത്തിയ നിതീഷ് റാണ 13 റണ്‍സില്‍ പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ മികവ് തുടര്‍ന്ന ശിവം ദുബെ(45) ഇന്ത്യയെ ജയത്തിലെത്തിച്ചു.ഈ സമയം ദുബെക്കൊപ്പം അക്ഷാറായിരുന്നു(7) ക്രീസില്‍.

മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 30 ഓവറില്‍ എട്ട് വിക്കറ്റിന് 207 റണ്‍സ് നേടി. 21 ബോളുകളിൽ നിന്നും 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. പിന്നാലെ എത്തിയ ജന്നേമന്‍ മലാന്‍ (37), മാത്യൂ ബ്രീറ്റ്‌സ്‌കെ (36), തെംബ ബവൂമ (27), ഖയ സോണ്ടോ (21) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ക്രുനാല്‍ പാണ്ഡ്യയും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.