ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകും; ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

single-img
2 September 2019

ഇന്ത്യ -പാക് സംഘർഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകുമെന്നും അതിനാൽ തങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ന് ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഇക്കാര്യം പറഞ്ഞത്. വേണ്ടിവന്നാൽ ഇന്ത്യയെ ചുട്ടെരിക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് പാക് റെയില്‍ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തേ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ എവിടെയും ഉന്നംവെയ്ക്കുന്ന പ്രദേശങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള അണുബോംബുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. എന്നാൽ, ആദ്യം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ ഇതുവരെയുള്ള ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരത്തേ പറഞ്ഞിരുന്നു.

സമീപ കാലത്തായി കാശ്മീര്‍ വിഷയത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ കൂടുതല്‍ ഭിന്നതയുണ്ടായത്. ഇന്ത്യൻ സർക്കാർ കാശ്മീരിനുള്ള പ്രത്യേകാധികാരം നൽകുന്ന ഭരണ ഘടനയിലെ ആർട്ടിക്കിൾ നീക്കം ചെയ്തപ്പോൾ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കിക്കൊണ്ടായിരുന്നു പാകിസ്താൻ വിഷയത്തോട് ആദ്യം പ്രതികരിച്ചത്. പിറകെ തന്നെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയെ സമീപിക്കുകയും ചെയ്തിരുന്നു.