ഡൽഹിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ബധിരയും മൂകയുമായ ഗർഭിണിയ്ക്ക് ക്രൂരമർദ്ദനം

single-img
2 September 2019
delhi pregnant woman beaten

ഡൽഹി: കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ഗര്‍ഭിണിയായ യുവതിയ്ക്ക് ക്രൂരമർദ്ദനം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലാണ് പത്തോളം പേർ ചേർന്ന് ബധിരയും മൂകയുമായ പ്രിയങ്ക എന്ന യുവതിയെ തല്ലിച്ചതച്ചത്.

ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയങ്ക ആരോഗ്യം വീണ്ടെടുക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഈസ്റ്റ് ഡൽഹിയിലെ തുഗ്ലക്കാബാദ് സ്വദേശിയായ പ്രിയങ്ക കഴിഞ്ഞ വർഷമാണ് വിവാഹശേഷം ഫരീദബാദിലുള്ള തന്റെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവരെ ഭർത്താവിന്റെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു. നാലുമാസം ഗർഭിണിയായിരിക്കെയാണ് പ്രിയങ്കയെ കാണാതായത്. പ്രിയങ്കയെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു.

പ്രിയങ്കയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും മറ്റും അക്രമികൾ ആക്രോശിക്കുന്നത് വീഡിയോയിൽ കേൾക്കാം. തലക്കും മറ്റും അടികൊള്ളുമ്പോൾ മൂകയായ പ്രിയങ്ക ശബ്ദമില്ലാതെ വായ തുറന്ന് കരയുന്ന ദയനീയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഇത് കാണാനിടവന്ന പ്രിയങ്കയുടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.

പ്രിയങ്കയെ മർദ്ദിച്ച അക്രമികളിലെ പ്രധാനികളായ ദീപക്, ശകുന്തള, ലളിത് കുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ആരോപിച്ചു നിരവധി കേസുകൾ  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമാകുന്നതെന്നും പോലീസ് അറിയിച്ചു .ഇത്തരത്തില്‍ 20 ഓളം കേസുകളാണ് ആഗസ്റ്റില്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് .

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323 ,341 ,34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട് . വൈകാതെ മറ്റു പ്രതികളെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു