കുത്തബ് മിനാർ നിർമ്മിച്ചത് 27 ക്ഷേത്രങ്ങൾ പൊളിച്ചിട്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി

single-img
1 September 2019

ഡൽഹി: രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകമായ കുത്തബ് മിനാർ നിർമ്മിച്ചത് 27 ക്ഷേത്രങ്ങൾ പൊളിച്ചതിനു ശേഷമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. കുത്തബ് മിനാറിലെ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഏർപ്പെടുത്തിയ ദീപാലങ്കാര സംവിധാനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്.

“നമ്മുടെ 27 ക്ഷേത്രങ്ങൾ തകർത്തതിനു ശേഷം നിർമ്മിച്ച കുത്തബ് മിനാർ സ്വാതന്ത്ര്യത്തിനു ശേഷവും ലോകപൈതൃകസമ്പത്തായി കൊണ്ടാടപ്പെടുന്നു എന്നത് നമ്മുടെ സംസ്കാരത്തിനു ഒരു വലിയ ഉദാഹരണമാണ്.”

പ്രഹ്ലാദ് പട്ടേൽ പറഞ്ഞു.

കുത്തബ് സമുച്ചയത്തിലുള്ള 24 അടി ഉയരമുള്ള ഇരുമ്പുതൂണിനെക്കുറിച്ചും മന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. കുത്തബ് മിനാറിനെക്കാളും നൂറ്റാണ്ടുകൾ മുന്നേ നിർമ്മിച്ച ഇരുമ്പ് തൂൺ 1600 കൊല്ലങ്ങൾക്ക് ശേഷവും തുരുമ്പിക്കാതെയിരിക്കുന്നത് ഇന്നാട്ടിലെ അക്കാലത്തെ സാങ്കേതിക വിദ്യയുടെ മികവിനെയാണ് സൂചിപ്പിക്കുന്നതെന്നും പട്ടേൽ പറഞ്ഞു. ഈ തൂണിന്റെ ചരിത്രവും പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഫലകം അതിൽ സ്ഥാപിക്കണമെന്നും അദ്ദേഹം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചു.

മുഗളന്മാർ തകർത്തു എന്ന് കരുതപ്പെടുന്ന ക്ഷേത്രങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

“കുത്തബ് സമുച്ചയം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുന്ന കാലത്ത് യോഗമായ ക്ഷേത്രം അവിടെ ഉണ്ടായിരുന്നിട്ടും അത് അവർ ഏറ്റെടുത്തില്ല എന്നത് അതിശയകരമാണ്. ചിലപ്പോൾ ദിവസവും ആരാധന നടക്കുന്ന സ്ഥലമാണ് എന്നതാകാം കാരണം.”

പട്ടേൽ പറഞ്ഞു.

രാത്രിസമയത്തും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനു വേണ്ടിയാണ് പൈതൃക സ്മാരകങ്ങളായ കുത്തബ് മിനാർ, സഫ്ദർ ജംഗ് ശവകുടീരം, ചെങ്കോട്ട, പുരാണ ഖില എന്നിവയിൽ ദീപാലങ്കാരമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.