400 വര്‍ഷമായി ഗ്രാമവാസികള്‍ ആചരിക്കുന്ന ‘കല്ലേര്‍ ഉത്സവ’ത്തില്‍ 400 പേര്‍ക്ക് പരിക്ക്; അതീവ ഗുരുതരാവസ്ഥയില്‍ 12പേര്‍

single-img
1 September 2019

മധ്യപ്രദേശില്‍ 400 വര്‍ഷത്തില്‍ ഏറെയായി ഗ്രാമവാസികള്‍ ആചരിക്കുന്ന ഗോട്ട്മര്‍ എന്നറിയപ്പെടുന്ന കല്ലേര്‍ ഉത്സവത്തില്‍ 400 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഛിന്ദ്‍വാര ജില്ലയിലാണ് സംഭവം. സംഭവത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള പന്ധുര്‍ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ കണ്ണുകള്‍ക്കാണ് പരിക്ക്. പന്ധുവാരാ, സവര്‍ഗോണ്‍ എന്നീ രണ്ട് ഗ്രാമങ്ങളിലെ ആളുകളാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്.

രണ്ട് ഗ്രാമങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന ജാം നദിക്ക് ഇരുകരകളിലുമായി ഇവര്‍ അണിനിരന്ന ശേഷം നദിക്ക് മധ്യത്തില്‍ പതാക ഉയര്‍ത്തും. ഇതിനെ തുടര്‍ന്ന് ഇരു ഗ്രാമവാസികളും പതാകയ്ക്ക് അടുത്തെത്താന്‍ ശ്രമം നടത്തും.തടയാനായി പരസ്പരം ഇവര്‍ക്ക് നേരെ കല്ലെറിയും, ഇങ്ങിനെയാണ്‌ ഗോട്ടമര്‍ ഉത്സവം.

ഈ വര്‍ഷം നടന്ന ഉത്സവത്തില്‍ പന്ധുവാര ഗ്രാമത്തിലുള്ളവരാണ് പതാക സ്വന്തമാക്കി വിജയിച്ചത്. ഈ ആധുനിക കാലത്ത് സിസിടിവി ക്യാമറകളുടെയും ഡ്രോണിന്‍റെയും സഹായത്തോടെയാണ് ഉത്സവം നിരീക്ഷിക്കുന്നതെന്ന് ചിന്ദ്വാര എസ് ഐ എസ് പി മനോജ് റായ് പറഞ്ഞു. ഉത്സവവുമായി ബന്ധപ്പെട്ട് അധികൃതര്‍ പ്രദേശത്ത് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു.

ആളുകള്‍ക്ക് പരിക്ക് പറ്റുന്നു എങ്കിലും ഉത്സവം ഒരു ആചാരമായതിനാല്‍ പൂര്‍ണ്ണമായി നിര്‍ത്താനാകില്ല. അതേസമയം മദ്യപിച്ച് ഉത്സവത്തില്‍ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.