പുറത്തായത് 19 ലക്ഷം പേര്‍; പൗരത്വ രജിസ്റ്ററിനെതിരെ വിമര്‍ശനം ശക്തം

single-img
1 September 2019

അസം: അസം അന്തിമ പൗരത്വ രജിസ്റ്ററിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച രജിസ്റ്റര്‍ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമില്‍ ഇന്ത്യന്‍ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. അസം സര്‍ക്കാര്‍ തന്നെ പൗരത്വ രജിസ്റ്ററിനെതിരെ രംഗത്തെത്തിയിരുന്നു. കണക്കെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് അസം മന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ ആരോപിച്ചത്. സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിശ്വ ശര്‍മ്മ അറിയിച്ചു.

അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്ക് അപ്പീല്‍ പോകാന്‍ അവസരമുണ്ട്. പൗരത്വ രജിസ്റ്റര്‍ പുറത്തിറക്കിയ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് അസം.

എന്‍ആര്‍സിയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരാതിക്കാര്‍ക്ക് രേഖകളുമായി ട്രൈബ്യൂണലിനെ സമീപിക്കാം.