പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്യുന്നതിൽ മുൻപന്തിയിലുള്ളത് മുസ്ലീമിതര സമുദായങ്ങളിലുള്ളവർ: ദിഗ്വിജയ് സിങ്

single-img
1 September 2019

ഭോപ്പാൽ: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്യുന്നത്
മുസ്ലിങ്ങളേക്കാൾ മറ്റ് സമുദായത്തിലുള്ളവർ ആണെന്ന പരാമർശവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രംഗത്ത്. ബജ്രംഗദൾ പ്രവർത്തകരും ബിജെപി ഐടി സെൽ അംഗങ്ങളുമായിരുന്ന ധ്രുവ് സക്സേന, ബൽ റാം സിങ് എന്നിവർ പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയ കേസിൽ അറസ്റ്റിലായതിനെക്കുറിച്ച്  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിഗ് വിജയ് സിങ്.

എന്നാൽ തന്റെ പ്രസ്താവന ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ബി ജെ പി പാക്കിസ്ഥാന്റെ പക്കൽ നിന്നും പണം വാങ്ങി എന്നല്ല താൻ പറഞ്ഞതെന്നും ബി ജെ പി, ബജ്രംഗദൾ പ്രവർത്തകർ അപ്രകാരം ചെയ്തതിനെക്കുറിച്ചാണെന്നും അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ തോറ്റത്കൊണ്ട് ഇത്തരം വിവാദങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ മാധ്യമങ്ങളിൽ നിറയാനാവൂ, എന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി ജെ പി ദേശീയ ഉപാധ്യക്ഷനുമായ ശിവരാജ് സിങ് ചൌഹാൻ പരിഹസിച്ചു. കോൺഗ്രസും അവരുടെ നേതാക്കന്മാർക്കുമാണ് പാക്കിസ്ഥാൻ അനുകൂല നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിന്ദുക്കൾക്കും ഇന്ത്യക്കും എതിരെ പറഞ്ഞുകൊണ്ട് ദിഗ് വിജയ് എന്തിനാണ് ഇന്ത്യയിൽ തുടരുന്നതെന്നും, പക്കിസ്ഥാനിലേക്ക് പോകണം  എന്നും ബജ്രംഗദൾ നേതാവ് സോഹൻ സോളാങ്കി പറഞ്ഞു.

ബി ജെ പി യുമായി അടുത്ത ബന്ധം ഉള്ള മറ്റ് രണ്ട് പേരെയും ചാര വൃത്തിയുമായി ബന്ധപ്പെടുത്തി മധ്യപ്രദേശ് ഭീകര വിരുധ സേന അറസ്റ്റ് ചെയ്തിരുന്നു.