കേരളത്തിലെ തുടർപ്രളയങ്ങളിൽ ആശങ്ക;പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുക ആദ്യദൗത്യം: നിയുക്ത ഗവര്‍ണര്‍

single-img
1 September 2019

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്തെ തന്നെ ഗവര്‍ണറാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദിപറയുന്നതായി കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നതിനുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം സംസ്ഥാനത്തിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ് ആദ്യദൗത്യ മെന്നും വെളിപ്പെടുത്തി. മനോരരമയ്ക്ക് നൽകിയ സംഭാഷണത്തിലാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.

നിലവിലെ കേരളാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാർ കേരള ഗവര്‍ണറായി നിയമിക്കുകയായിരുന്നു. കേരളത്തിന് പുറമേ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കും പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രം പുതിയതായി നിയമിച്ചിട്ടുണ്ട്.

ഷാബാനു കേസിൽ കോടതി വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ആരിഫ് ഖാന്‍. മുത്തലാഖ് വിഷയം ചർച്ചയായപ്പോൾ ഈ മുൻ കോൺഗ്രസ് നേതാവ് ബിജെപിയെ പിന്തുണച്ചിരുന്നു. മുത്തലാഖ് എന്നത് ഇസ്ലാമികമല്ലെന്നും പരിശുദ്ധ ഖുറാന് വിരുദ്ധമാണെന്നുമായിരുന്ന നിലപാട് ആരിഫ് ഖാൻ സുപ്രീംകോടതിയിലെ കേസിലും കക്ഷിച്ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു.

1986ല്‍ കോണ്‍ഗ്രസ് പാർട്ടി വിട്ട ആരിഫ് ഖാന്‍ ജനതാദളില്‍ ചേര്‍ന്ന് വിപി സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. തുടർന്ന് 2004ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.