വാട്സാപ്പ് നമ്പരിൽ രാജ്യവിരുദ്ധ സന്ദേശം: കൊല്ലം ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

single-img
31 August 2019

കൊല്ലം: ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്റെ വാട്സാപ് നമ്പരിലേക്കു രാജ്യവിരുദ്ധ സന്ദേശം ലഭിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രധാന തെളിവായ മൊബൈൽ ഫോൺ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

കലക്ടർ ചെയർമാനായി പ്രവർത്തിക്കുന്ന ദുരന്തനിവാരണ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫോൺ ആവശ്യപ്പെട്ടു വെസ്റ്റ് പൊലീസ് കലക്ടർക്ക് ഇന്നലെ അപേക്ഷ നൽകി. പൊലീസ്, അഗ്നിരക്ഷാ സേന, റവന്യു വകുപ്പുകളിൽ നിന്ന് എമർജൻസി സെന്ററിലേക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണു ഫോൺ ഉപയോഗിക്കുന്നത്.

കഴിഞ്ഞ ചൊവ്വ രാത്രിയിലാണു ഹിന്ദിയും ഉറുദുവും കലർന്ന സന്ദേശം ഇംഗ്ലിഷ് ലിപിയിൽ ലഭിച്ചത്. ഹിന്ദുസ്ഥാൻ മൂർദാബാദ്, കശ്മീരിൽ നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കുക എന്നാണു സന്ദേശത്തിന്റെ തുടക്കത്തിലുള്ളത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സന്ദേശത്തിന്റെ ഉറവിടം പാക്കിസ്ഥാനാണെന്നു കണ്ടെത്തി. പാക്കിസ്ഥാനിലെ നമ്പർ ഹാക്ക് ചെയ്തശേഷം ഇന്ത്യയിൽ നിന്നു സന്ദേശമയച്ചതാകാനും സാധ്യതയുണ്ട്. അന്വേഷണം സംസ്ഥാന ഹൈടെക് സെല്ലിനു കൈമാറാനും സാധ്യതയുണ്ട്.