ഗുണ്ടായിസവും പണപ്പിരിവും എതിർത്തത് വൈരാഗ്യത്തിന് കാരണമായി: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ കുത്തേറ്റ അഖിൽ

single-img
31 August 2019

തിരുവനന്തപുരം: തന്നെ എസ്എഫ്ഐ നേതാക്കളായ പ്രതികൾ കുത്തിവീഴ്ത്തിയത് ആസൂത്രിതമായെന്ന് യൂണിവേഴ്സിറ്റി കോളജിൽ ആക്രമണത്തിനിരയായ അഖിൽ.

യൂണിവേഴ്സിറ്റി കോളേജില്‍ ഗുണ്ടായിസവും പണപ്പിരിവും സാധാരണമായിരുന്നു, ഇതിനെ ഏതിർക്കുന്നവരെ ശിവരഞ്ജിത്തും നസീമും മർദ്ദിക്കുമായിരുന്നു. പെൺകുട്ടികളെ പോലും വെറുതെ വിടില്ലായിരുന്നു. ഇത്തരം പ്രവണതകളെ എതിർത്തതാണ് വിരോധത്തിന് കാരണം. ആസൂത്രിതമായാണ് കൊലപാതകത്തിന് ശ്രമിച്ചതെന്നും അഖിൽ ആരോപിക്കുന്നു. യൂണിവേഴ്സിറ്റി കോളജ് അക്രമണത്തിന് ശേഷം ആദ്യമായാണ് അഖിൽ പ്രതികരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സി പി എമ്മ്ന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.  തന്‍റേത് പാർട്ടി കുടംബമാണെന്നും പാർട്ടിയിൽ തന്നെ തുടരുമെന്നും അഖിൽ പറഞ്ഞു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് തന്നെ കൊല്ലാൻ ശ്രമം നടത്തിയതെന്നും അഖിൽ ചന്ദ്രൻ പറഞ്ഞു.

പ്രിൻസിപ്പാൾ പോലും നോക്കുകുത്തിയായിരുന്നു, കോളജിന്റെ ഭരണം നടത്തിയിരുന്നത് ശിവരഞ്ജിത്തും നസീമുമായിരുന്നു. ഇടിമുറിയിലിട്ട് എസ്എഫ്ഐ നേതാക്കള്‍ പലരെയും മ‍ർദ്ദിച്ചിട്ടുണ്ടെന്നും അഖിൽ പറഞ്ഞു.

ഇതിന് മുമ്പും യൂണിറ്റ് അം​ഗങ്ങളുമായി പ്രശ്നങ്ങളുണ്ടാവുകയും മർദ്ദനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. ക്യാന്റീനിൽ ഇരുന്ന് പാട്ടുപാടിയെന്ന് ആരോപിച്ച് യൂണിറ്റ് അം​ഗങ്ങൾ തന്നെയും കൂട്ടുകാരേയും ചീത്ത വിളിച്ചിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പാർട്ടി നേതാക്കളുമായി സംസാരിച്ച് പരിഹരിച്ചതാണ്. എന്നാൽ, അതിന് ശേഷവും കോളേജിൽ കാല് കുത്തിയാൽ അടിക്കുമെന്ന് നസീമടക്കമുള്ളവർ ഭീഷണിപ്പെടുത്തി. ഇനിയും ഗുണ്ടായിസം നടക്കില്ലെന്ന് താനും സുഹൃത്തുക്കളും തുറന്നു പറഞ്ഞു  അന്ന് നസീം തല്ലിത്തീർക്കാം എന്നു പറഞ്ഞിരുന്നു.

പിന്നീട് ​ഗേറ്റിന് സമീപത്തുവച്ച് എസ്എഫ്ഐ പ്രവർത്തകരുൾപ്പടെ പരസ്പരം അടിയായി. തുടർന്ന് തന്നെ ഒറ്റയ്ക്ക് കോളജിന്റെ ഒരുഭാ​ഗത്തെത്തിച്ച് മർദ്ദിക്കുകയും നസീം പിടിച്ച് വച്ച് ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നുവെന്നും അഖിൽ പറയുന്നു.

ആക്രമണത്തിൽ കണ്ണിനും ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയും അഖിലിന് ദീർഘനാളത്തെ വിശ്രമം വേണ്ടിവരും. പവർ ലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന്റെ കായിക ഭാവിയും പ്രതിസന്ധിയിലാണ്.

ശിവരഞ്ജിത്തിനെയും നസീമിനെയും എസ് എഫ് ഐ പുറത്താക്കിയിരുന്നു. കൊലപാതക ശ്രമത്തിനും, പി എസ് സി പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കേസിലും ഇരുവരും പ്രതികളാണ്.