പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികളുടെ സ്പോൺസറെ മാറ്റാം; സൗദി മനുഷ്യാവകാശ കമ്മീഷൻ

single-img
31 August 2019

റിയാദ്: പ്രത്യേക സാഹചര്യങ്ങളിൽ സൗദിയിൽ  ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ. മൂന്നു മാസത്തെ ശമ്പളം വൈകുന്നതുൾപ്പെടെ 13 സാഹചര്യങ്ങളിലാണ് ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ കഴിയുന്നതെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

പുതിയ വിസയിലെത്തുന്ന ഗാർഹിക തൊഴിലാളികളെ  വിമാനത്താവളങ്ങളിൽ നിന്നോ 15 -ദിവസത്തിനകം അഭയ കേന്ദ്രത്തിൽ നിന്നോ സ്വീകരിക്കാതിരിക്കുക, സൗദിയിലെത്തി 30 – ദിവസം പിന്നിട്ടിട്ടും താമസാനുമതി രേഖ (ഇഖാമ) ശരിപ്പെടുത്താതിരിക്കുക.  കാലാവധി അവസാനിച്ച് മുപ്പതു ദിവസം പിന്നിട്ടിട്ടും ഇഖാമ പുതുക്കി നൽകാതിരിക്കുക, തൊഴിലാളിയുടെ അറിവോ സമ്മതമോ കൂടാതെ സാമ്പത്തിക നേട്ടം മോഹിച്ച് മറ്റുള്ളവർക്ക് താൽക്കാലികമായി കൈമാറുക, തൊട്ടടുത്ത ബന്ധുക്കളല്ലാത്തവരുടെ അടുത്ത് ജോലിക്ക് നിയോഗിക്കുക, ആരോഗ്യ സുരക്ഷക്ക് ഭീഷണിയായ ജോലി ചെയ്യിക്കുക, മോശമായ പെരുമാറ്റം എന്നീ സാഹചര്യങ്ങളിൽ സ്‌പോൺസർഷിപ്പ് മറ്റു തൊഴിലുടമകളുടെ പേരിലേക്ക് ഗാർഹിക തൊഴിലാളികൾക്കു മാറ്റാനനുവാദം നൽകുന്നതാണ് പുതിയ തീരുമാനം.

തൊഴിലാളി നൽകുന്ന പരാതിയുടെ വാദം തൊഴിലുടമ ബോധപൂർവ്വം നീട്ടാൻ ശ്രമിച്ചാലും സ്പോൺസർഷിപ്പ് മാറ്റാം. തൊഴിൽ-സാമൂഹിക വികസന മന്ത്രിയുടെയോ ബന്ധപ്പെട്ട വകുപ്പിന്റെയോ തീരുമാനപ്രകാരമുള്ള മറ്റു സാഹചര്യങ്ങളിലും ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് അനുമതിയുണ്ടെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തത വരുത്തി.