ബാക്ക് വേർഡ് സൈക്ലിംങിൽ ലോക റെക്കോഡുമായി ഇൻസ്പയർ കുമാർ

single-img
31 August 2019

തിരുവനന്തപുരം: ബാക്ക് വേർഡ് സൈക്ക്ലിങ് രംഗത്ത് ലോക റെക്കോർഡ് സൃഷ്ടിച്ച് ഇൻസ്പയർ കുമാർ എന്നറിയപ്പെടുന്ന പി കെ കുമാർ. 54 മിനിറ്റ് 43 സെക്കൻഡ് സമയം തുടർച്ചയായി ഏറ്റവും കൂടുതൽ ദൂരം ബാക്ക് വേർഡ് സൈക്കിൾ ഓടിച്ചാണ് മലയാളിയായ പി കെ കുമാർ റെക്കോർഡ് സൃഷ്ടിച്ചത്. 8.608.4 കിലോമീറ്റർ (8608.4 മീറ്റർ) ദൂരമാണ് അദ്ദേഹം തുടർച്ചയായി  ബാക്ക് വേർഡ് സൈക്കിൾ ഓടിച്ചത്.

ഇൻസ്പിരേഷൻ ക്ലാസ്സുകൾ എടുക്കുന്ന കുമാർ കോയമ്പത്തൂരിലെ ഡോ. മുത്തുസ് ആശുപത്രിയുടെ സി ഇ ഓ യുമാണ്. ലക്ഷ്മീഭായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷന്റെ കാര്യവട്ടം ക്യാമ്പസിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഗിന്നസ് റെക്കോഡിനായുള്ള ശ്രമം.

ഹൈവീലർ സൈക്കിൾ (പെന്നി ഹാർതിംഗ് ബൈക്ക്) കൊണ്ട് പൊന്മുടിയിലെ ഇരുപതിലധികം ഹെയർപിൻ വളവുകൾ ഇറങ്ങുക, ഒരു കൈ വലത്തേക്കും മറ്റേത് ഇടത്തേക്കും  തുടർച്ചയായി ചലിപ്പിക്കുക തുടങ്ങിയ വിഭാഗങ്ങളിലും അദ്ദേഹം റെക്കോർഡ് നേടിയിട്ടുണ്ട്.

ബാക്ക്വേർഡ് സൈക്കിളിന്റെ ഹാൻഡിൽ ഇടത്തേക്ക് തിരിക്കുമ്പോൾ മുൻ ചക്രം വലത്തേക്കാകും തിരിയുക, ഹാൻഡിൽ വലത്തേക്കാണെങ്കിൽ ചക്രം ഇടത്തേക്കും. ഈ സൈക്കിൾ ചവിട്ടുക എന്നത് അത്ര എളുപ്പമല്ല . എട്ട് മാസം മുതൽ ഒരു വർഷം വരെ പരിശീലനം നടത്തിയാലേ ഇത് സാധ്യമാകൂ. തലച്ചോറിന്റെ ക്രമീകരണത്തിന്റെയും അതിനെ പരിശീലനതിലൂടെ മാറ്റാൻ കഴിയും എന്നതിന്റെയും പരീക്ഷണ മേഖല കൂടിയാണിത്. ഇത്തരം സൈക്കിൾ ഓടിക്കുന്നവർക്ക് സാധാരണ സൈക്കിൾ ഓടിക്കാൻ കഴിയാത്ത വിധം ന്യുറോളജിക്കൽ വ്യതിയാനം സംഭവിക്കും, അത് കാരണം ഇത് ശീലിച്ചുകഴിഞ്ഞാൽ സാധാരണ സൈക്കിൾ ഓടിക്കാൻ കഴിയില്ല. അതീവ വെല്ലുവിളി നിറഞ്ഞ ടാസ്ക് അയതിനാൽ തന്നെ ഈ വിഭാഗത്തിൽ ഇതുവരെ ആരും റെക്കോഡിന് ശ്രമിച്ചിട്ടില്ല.

‘തലച്ചോറിനെ നിയന്ത്രിക്കുന്ന പ്രവർത്തനം ആയത്കൊണ്ട്
തന്നെ സൈക്ലിങ് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഓരോ ചെറിയ കാറ്റ് പോലും വലുതായി തോന്നുമായിരുന്നു. പലപ്പോഴും കാറ്റ് എന്നെ പറത്തിക്കളയാൻ ശക്തമാണോ എന്ന് പോലും ഭയപ്പെട്ടു‘ , സൈക്ലിങ് നടത്തിയ കുമാർ ഇവാർത്തയോട് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് തുടരാനാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.

ഉഷ ടി. നായരുടെ നേതൃത്വത്തിലുള്ള സായി പ്രതിനിധികൾ, കാര്യവട്ടം ക്യാമ്പസിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ തലവൻ എന്നിവരടങ്ങുന്ന ഏഴംഗ ജഡ്ജിങ് പാനലാണ് സമയം, സൈക്കിൾ ഓടിച്ച ദൂരം, സൈക്ലിങിന്റെ തുടർച്ച തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയത്.  മറ്റ് രണ്ട് സാക്ഷികൾ, മാധ്യമങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഗിന്നസ് നേട്ടത്തിനായുള്ള ശ്രമം. ദൃശ്യങ്ങളും മറ്റ് രേഖകളും ഗിന്നസ് അതോറിറ്റിക്ക് സമർപ്പിക്കും.