അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്ത് ; ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ അപ്പീൽ നൽകാം

single-img
31 August 2019

ന്യു ഡൽഹി : അസം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്‌. 19 ലക്ഷം പേര്‍ പുതിയ പട്ടികയിൽ നിന്നും പുറത്തായി. അതേസമയം 3 കോടി 11 ലക്ഷം പേര്‍ പുതിയ പട്ടികയില്‍ ഇടം പിടിച്ചു..

പുറത്താക്കപ്പെട്ടവരെ ഉടനെ പരദേശികളായി പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിക്കും. 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരാതിക്കാരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 100 ട്രൈബ്ര്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അന്തിമ ലിസ്റ്റ് പ്രകാരം 19,06,657 പേരാണ് പുറത്തായത്. 3,11,21,004 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. 6 മാസത്തിനുള്ളില്‍ അപ്പീലില്‍ തിരുമാനം കൈക്കൊള്ളണം. ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ സൗജന്യ നിയമസഹായം സര്‍ക്കാര്‍ ലഭ്യമാക്കും. ട്രൈബ്യൂണല്‍ തീരുമാനം പ്രതികൂലമായാല്‍ ആളുകള്‍ക്ക് ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാം. എല്ലാ നിയമ നടപടികളും തീരുന്നതുവരെ ആരെയും തടവില്‍ വയ്ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

1951 ലാണ് ആദ്യമായി അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ 1971 മാര്‍ച്ച്‌ 25 ന് ശേഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി അസമിലേക്ക് നുഴഞ്ഞുകയറിയവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 2013 ലാണ് പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹരായ നിരവധി പേര്‍ പുറത്തായിരുന്നു. 36 ലക്ഷത്തോളം പേരാണ് അന്ന് പരാതി ഉയര്‍ത്തിയത്.