‘ഇതുപോലെയുള്ളവരെ മുക്കാലിയില്‍കെട്ടി അടിക്കുകയാണ് വേണ്ടത്’ ; ടി ഒ സൂരജിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍

single-img
31 August 2019

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ അറസ്റ്റിലായ പിഡബ്ല്യുഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ.ജയശങ്കര്‍. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. കമഴ്ന്ന് വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുള്ള കാലത്ത് സൂരജിന്റെ പ്രത്യയശാസ്ത്രമെന്നും ഇതുപോലുള്ള ഖലന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ ശാപമെന്നും ജയശങ്കര്‍ കുറിച്ചു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് വിജിലന്‍സ് ഇയാളുടെ വീട് റെയ്ഡ് നടത്തി, വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതിനു കേസും രജിസ്റ്റര്‍ ചെയ്തു. പക്ഷേ പിന്നീട് നടപടി ഉണ്ടായില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘ഒരു ധീരകൃത്യം.

പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിത കേസില്‍ മുന്‍ മരാമത്ത് സെക്രട്ടറി ടിഒ സൂരജിനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണിയ്ക്കു മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരെയും വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷ.
കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്. കമഴ്ന്നു വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുളള കാലത്ത് ടിയാന്റെ പ്രത്യയശാസ്ത്രം. മരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ ഓരോ കരാറിനും മൂന്ന് ശതമാനം ആയിരുന്നു കമ്മീഷന്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് വിജിലന്‍സ് ഇയാളുടെ വീട് റെയ്ഡ് നടത്തി, വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതിനു കേസും രജിസ്റ്റര്‍ ചെയ്തു. പക്ഷേ പിന്നീട് നടപടി ഉണ്ടായില്ല. സമീപകാലത്ത് ഉദ്യോഗ കാലാവധി പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്ന് വിരമിച്ചു.

ഇതുപോലുള്ള ഖലന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ നിര്‍ഭാഗ്യം’.

ഒരു ധീരകൃത്യം. പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിത കേസിൽ മുൻ മരാമത്ത് സെക്രട്ടറി ടിഒ സൂരജിനെയും മറ്റു മൂന്നുപേരെയും…

Posted by Advocate A Jayasankar on Friday, August 30, 2019