ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്; ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശിപാര്‍ശ

single-img
30 August 2019

രണ്ട് വർഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശിപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. ഈ കാര്യത്തിൽ ഇനി അന്തിമ തീരുമാനമെടുക്കുക പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരിക്കും.

ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സംസ്ഥാനത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനം നേരിട്ട ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.

അതിന്റെ പിന്നാലെ പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്ഷന്‍ കാലാവധി വിവിധ കാലമായി സർക്കാർ നീട്ടുകയായിരുന്നു. ഇത്തരത്തിൽ തനിക്കെതിരെയുള്ള സർക്കാർ നടപടിയ്ക്കെതിരെ ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായത്. കേരളത്തിലെ സര്‍ക്കാര്‍ തന്നെ വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണ് എന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രൈബ്യൂണല്‍ ശരിവെച്ചിരുന്നു.