കുട്ടികളെ വൈദ്യുത ഷോക്ക് അടിപ്പിക്കുന്നു; സ്ത്രീകൾക്ക് ബലാത്സംഗ ഭീഷണി: കശ്മീരിലെ സ്ഥിതിഗതികൾ രൂക്ഷമെന്ന് റാണാ അയ്യൂബ്

single-img
30 August 2019

കശ്മീരിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാരോപിച്ച് മാധ്യമപ്രവർത്തകയായ റാണാ അയ്യൂബ് രംഗത്ത്. പന്ത്രണ്ട് വയസായ കുട്ടികളെപ്പോലും പാതിരാത്രിയിൽ റെയ്ഡ് നടത്തി പിടിച്ചുകൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്യുകയാണെന്ന് അവർ ആരോപിച്ചു.

കശ്മീർ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ റാണാ അയ്യൂബ് ട്വിറ്ററിലൂടെയാണ് തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. സ്ത്രീകൾ ബലാത്സംഗ ഭീഷണി നേരിടുകയാണെന്നും കൊച്ചുകുട്ടികൾക്ക് നേരേ പോലും വൈദ്യുതഷോക്ക് പോലെയുള്ള പീഡനമുറകൾ ഉപയോഗിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

“കശ്മീരിൽ നിന്നും തിരിച്ചെത്തി. പന്ത്രണ്ട് വയസുള്ള കുട്ടികളെ പാതിരാത്രിയിൽ റെയ്ഡ് നടത്തി പിടിച്ചുകൊണ്ടുപോകുകയും മർദ്ദിക്കുകയുമാണ്. സ്ത്രീകൾ ബലാത്സംഗഭീഷണി നേരിടുന്നു. കൊച്ചുകുട്ടികൾക്ക് വൈദ്യുത ഷോക്ക് നൽകുന്നു, അവർ എവിടെയാണെന്ന് പോലും വീട്ടുകാർക്ക് അറിയില്ല. നിങ്ങൾ പറയുന്ന “സാധാരണ അവസ്ഥ” ഇതാണ്. താഴ്വരയിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മോശം സാഹചര്യമാണിത്.”

റാണ ട്വിറ്ററിൽ കുറിച്ചു.

ഈ സാഹചര്യത്തിൽ കശ്മീരികൾ ഇന്ത്യൻ മാധ്യമങ്ങളെ മുൻപില്ലാത്തവിധത്തിൽ വെറുക്കുകയാണെന്ന് നിരീക്ഷിക്കാൻ കഴിഞ്ഞുവെന്നും റാണ അയ്യൂബ് പറയുന്നു.

കശ്മീരിലെ ഗ്രാമീണരെ സൈന്യം വടികളും കേബിളുകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും വൈദ്യുത ഷോക്ക് ഏൽപ്പിക്കുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമായ ബിബിസിയും റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രാമീണരെ മർദ്ദിക്കുകയും അവശരായി ബോധം കെടുമ്പോൾ ഉണർത്തുന്നതിനു വേണ്ടി വൈദ്യുത ഷോക്ക് അടിപ്പിക്കുകയും ചെയ്തുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അലറിക്കരഞ്ഞ തങ്ങളുടെ വായിൽ മണ്ണു വാരിയിട്ട് അടച്ചുവെന്നും ചില ഗ്രാമീണർ പറഞ്ഞതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം സൈന്യം നിഷേധിച്ചിട്ടുണ്ട്.