പാലാ ഉപതെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി; ശബരിമല വിഷയംഉപയോഗിക്കാന്‍ പാടില്ല: ടീക്കാറാം മീണ

single-img
30 August 2019

അടുത്തുതന്നെ നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി വരുന്ന മാസം ഒന്നിന് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ . തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം, ലോക്സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിന് പുരസ്കാരമുണ്ടെന്നും അറിയിച്ചു. പാലാ മണ്ഡലത്തിൽ ഓഗസ്റ്റ് 25 വരെ അപേക്ഷ നല്കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.

നിലവിൽ മണ്ഡലത്തിലാകെ 177864 വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. അവയിൽ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയായിരിക്കും. മേഖലയിൽ രണ്ട് പ്രശ്നബാധിത ബൂത്തുകളാണുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. പെരുമാറ്റ ചട്ട പ്രകാരം ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ല.

സമൂഹത്തിൽ മതവികാരം വഷളാക്കി ദൈവത്തിന്റെ പേരിൽ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇക്കാര്യത്തിൽ നേതാക്കളുടെ പ്രതികരണം വിലയിരുത്തി നടപടി സ്വീകരിക്കും. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. റഷ്യയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നാണ് പുരസ്കാരം തീരുമാനിച്ചത്. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ റഷ്യ സന്ദർശിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു.