ബാങ്ക് ലയനം; രാജ്യം പോകുന്നത് വലിയ ആപത്തിലേക്ക്: മന്ത്രി തോമസ് ഐസക്

single-img
30 August 2019

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനം പരിഹാരമാകില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ബാങ്കുകൾ തമ്മിൽ ലയിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുമ്പോൾ അല്ല ലയനം നടപ്പാക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.

അതേപോലെ രാജ്യത്ത് ഇപ്പോൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും ഉടൻ തന്നെ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം വലിയ ആപത്തിലേക്ക് പോകുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ നന്നായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ലയിപ്പിക്കുന്നത് പ്രാദേശിക വികസനത്തിന് തിരിച്ചടിയാകുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര നടപടിയിൽ സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം രാജ്യത്തെ പ്രധാനപ്പെട്ട പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ഇപ്പോഴുള്ള പതിനെട്ടില്‍ നിന്ന് 12 ആയി കുറയും. ലയനത്തിലൂടെ അന്താരാഷ്‌ട്ര സ്വാധീനമുള്ള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.