എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം; നടപടികള്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

single-img
30 August 2019

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസ‍ർക്കാർ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി.

ഇന്ത്യയിലെ തന്നെ സ്വകാര്യമേഖലയിലുള്ള നിരവധി കമ്പനികൾ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ചെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയുടെ കാലം മുതല്‍ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയായിരുന്നു. അതിന്റെ ഭാഗമായി സ്ഥാപനത്തിലെ പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തുകയും പുതിയ വിമാനസർവീസുകൾ തുടങ്ങേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം മുന്നിൽ കണ്ട് കേടായ വിമാനങ്ങളുടെ അറ്റകുറ്റപണി പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിന്റെ പിന്നാലെയാണ് സ്വകാര്യവൽക്കരണ നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. നിലവില്‍ 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്കുളളത്.