തൃണമൂൽ അംഗങ്ങളെ മർദ്ദിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു; ബംഗാളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന് നേര്‍ക്ക് ആള്‍ക്കൂട്ട ആക്രമണം

single-img
30 August 2019

പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ മർദ്ദിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി. ഇന്ന് പുലര്‍ച്ചെ കൊൽക്കത്ത നഗരത്തിലെ ലേക് ടൗണിൽ പ്രഭാത സവാരിക്ക് ശേഷം ചായ് പേ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രദേശത്ത് ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ആൾക്കൂട്ടം ആക്രമിച്ചെന്നാണ് റിപ്പോർട്ട്. ദിലീപ് ഘോഷിനോപ്പം ആ സമയം ഉണ്ടായിരുന്ന ബിജെപി പ്രവർത്തകർക്കും മർദ്ദനമേറ്റു.

തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ലോക്‌സഭാംഗം കൂടിയായ ദിലീപ് ഘോഷ് ആരോപിച്ചു. ഇതാദ്യമായല്ല ദിലീപ് ഘോഷ് ആക്രമിക്കപ്പെടുന്നത്. ഈ വർഷം തന്നെ മെയ് മാസത്തിൽ മുതിർന്ന ബിജെപി നേതാവ് ഹേമന്ത് ബിശ്വ ശർമ്മയെ അനുഗമിച്ചപ്പോഴും ഇദ്ദേഹത്തിന് നേരെ ഖെജുരിയിൽ വച്ച് ആക്രമണം ഉണ്ടായിരുന്നു. ബംഗാളില്‍ പോലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കിഴക്കൻ മിഡ്‌നാപ്പൂരിലാണ് ഇദ്ദേഹം തിങ്കളാഴ്ച പ്രസംഗിച്ചത്.

ഈ പ്രസംഗത്തിന് പിന്നാലെ ദിലീപ് ഘോഷിനെതിരെ പശ്ചിമ ബംഗാൾ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൃണമൂൽ പ്രവർത്തകരെയോ ഗുണ്ടകളെയോ പോലീസിനെയോ ബിജെപിയുടെ പ്രവര്‍ത്തകര്‍ ഭയപ്പെടേണ്ടെന്നും ബിജെപിയുടെ മുന്നിൽ ഇവരെല്ലാം നിസ്സാരക്കാരാണെന്നുമാണ് ദിലീപ് ഘോഷ് പ്രസംഗിച്ചത്. ബിജെപിയുടെ മുന്നില്‍ തൃണമൂൽ നേതാക്കൾ വെറും പുഴുക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.