പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ ലയനത്തിലൂടെ നാലായി ചുരുക്കി കേന്ദ്രസർക്കാർ

single-img
30 August 2019

തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന രാജ്യത്തെ സാമ്പത്തിക രംഗം തിരികെ ഉണര്‍ത്തുന്നതിനായി വലിയ പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ഭീമമായ കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം.
ഇത്തരത്തില്‍ പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

ഈ തീരുമാന പ്രകാരംകനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. അതേപോലെ, യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നിവ പരസ്പരം ലയിക്കും. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒന്നായി മാറും. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും തമ്മില്‍ ലയിക്കും. രണ്ട് വര്‍ഷം മുന്‍പ് വരെ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നെങ്കിൽ
അത് ഇനി മുതൽ 12 പൊതുമേഖലാ ബാങ്കുകളേയുള്ളൂ.

കഴിഞ്ഞ വര്‍ഷമായിരുന്നു കേന്ദ്രസർക്കാർ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചത്. ഈ വര്‍ഷം ഏപ്രിൽ 1 മുതലായിരുന്നു ലയനം നിലവിൽ വന്നത്. അതേപോലെ 2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ചാൽ അത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. 8.08 ലക്ഷം കോടി രൂപയാകും ബാങ്കിന്‍റെ മൊത്തം ബാങ്കിംഗ് ബിസിനസ്.