സൗദി അബ്‍ഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം

single-img
29 August 2019

സൗദി അബ്‍ഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം. ഇറാന്‍ നല്‍കുന്ന പിന്തുണയില്‍ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ വിമാനത്താവളത്തില്‍ പതിച്ചതായി അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തില്‍ ആളപായമില്ലെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.ആക്രമണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകത്തെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ഹൂതികള്‍ നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍, പിന്നില്‍ ഇറാന്റെ ഇടപെടുകള്‍ തെളിയിക്കുന്നവയാണെന്ന് സഖ്യസേന ആരോപിച്ചു. കഴിഞ്ഞ ദിവസം സൌദിക്ക് നേരെ ഹൂതികള്‍ പദ്ധതിയിട്ടിരുന്ന ഡ്രോണ്‍ ആക്രമണശ്രമം സൗദി സൈന്യം വിഫലമാക്കിയിരുന്നു.

ഈ ഒരു ആഴ്ചയില്‍ മാത്രം യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട ആറോളം ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കുകയും ചെയ്തു.