ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്തിന് വീട്ടിൽ സൂക്ഷിച്ചു? മനുഷ്യാവകാശപ്രവർത്തകനോട് ബോംബെ ഹൈക്കോടതി ജഡ്ജി

single-img
29 August 2019

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ വെര്‍ണന്‍ ഗോണ്‍സാല്‍വെസിനോട് ബോംബെ ഹൈക്കോടതി ജഡ്ജിയുടെ വിചിത്രമായ ചോദ്യം .

വെര്‍ണന്‍ ഗോണ്‍സാല്‍വെസിന്റെ വീട്ടില്‍ നിന്ന് ലിയോ ടോള്‍സ്‌റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (വാര്‍ ആന്റ് പീസ് ) എന്ന പുസ്തകവും ചില സി.ഡികളും തൊണ്ടിമുതലായി പിടിച്ചെടുത്തുവെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ‘വാര്‍ ആന്റ് പീസ്’ എന്ന പുസ്തകം എന്തിന് വീട്ടില്‍ സൂക്ഷിച്ചുവെന്ന കോടതിയുടെ ഞെട്ടിക്കുന്ന ചോദ്യം.

ഇത് മറ്റൊരു രാജ്യത്ത് നടന്ന യുദ്ധത്തെക്കുറിച്ചാണല്ലോ. നിങ്ങള്‍ എന്തിനാണ് ഈ പുസ്തകം സൂക്ഷിക്കുന്നത് എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. ഇത്തരം പുസ്തകങ്ങളും സിഡികളുമെല്ലാം രാജ്യവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ചേര്‍ന്നതാണെന്ന് ജസ്റ്റിസ് സാരംഗ് കോട്വാള്‍ നിരീക്ഷിച്ചു. ഗോണ്‍സാല്‍വെസിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഈ വസ്തുക്കൾ അദ്ദേഹത്തിനെതിരായ ശക്തമായ തെളിവാണെന്ന പൊലിസിന്റെ അവകാശവാദം ജഡ്ജി അംഗീകരിക്കുകയും ചെയ്തു.

നെപ്പോളിയന്‍ യുദ്ധകാലത്തെ റഷ്യയുടെ അവസ്ഥയെ ഇതിവൃത്തമാക്കിയുള്ള ലോക ക്ലാസിക് നോവലിനെയാണ് ജഡ്ജി രാജ്യ വിരുദ്ധമെന്ന് അംഗീകരിച്ചത്. പിടിച്ചെടുത്ത പുസ്തകങ്ങള്‍ രാജ്യത്ത് നിരോധിക്കുകയോ വിലക്കുള്ളതോ അല്ലെന്നിരിക്കെ തൊണ്ടിമുതലായി വ്യാഖ്യാനിച്ചതില്‍ അത്ഭുതപ്പെടുകയാണ് ആളുകള്‍.ജഡ്ജ്‌മെന്റിനെ പരിഹസിച്ചു കൊണ്ട് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. വാര്‍ ആന്റ് പീസ് കോളജുകളില്‍ പഠിപ്പിക്കുന്നുണ്ടെന്നും കോടതി എങ്ങനെയാണ് അത് വീട്ടില്‍ നിന്ന് പിടിച്ചെടുത്തതായി കണക്കാക്കുകയെന്നും ഒരാള്‍ ചോദിച്ചു.ഇതൊക്കെ ഹാരി പോട്ടറിനും ബാധകമാവുമോയെന്നായിരുന്നു മറ്റൊരു ചോദ്യം.

2017 ഡിസംബര്‍ 31നാണ് പൂനെയ്ക്ക് സമീപം ഭീമ കോറേഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് പരിപാടിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഷോമ സെന്‍, റോണാ വില്‍സണ്‍, സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറ, ഗൗതം നവ്‌ലാഖ, വരവര റാവു തുടങ്ങിയ ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തത്.