റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രം വാങ്ങുന്നത് നോട്ടുനിരോധനം പോലൊരു വിനാശമാകും: മന്ത്രി തോമസ്‌ ഐസക്

single-img
29 August 2019

രാജ്യത്ത് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടിരൂപ എടുക്കാനുള്ള കേന്ദ്ര കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം നോട്ടു നിരോധനം പോലൊരു മറ്റൊരു ദുരന്തമാവുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക്.

കേന്ദ്രത്തിൽ മോദി സര്‍ക്കാര്‍ നോട്ടുനിരോധനം കൊണ്ടു വന്നപ്പോള്‍ മണ്ടത്തരമാണെന്നും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും പ്രഖ്യാപനം വന്നയുടന്‍ പ്രതികരിച്ച സാമ്പത്തിക വിദഗ്ധരിലൊരാളാണ് തോമസ് ഐസക്ക്.

ആർബിഐയുടെ കരുതല്‍ശേഖരത്തിലൊരുഭാഗം കൈക്കലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുകയാണ്. ഇത് ഭാവിയിൽ നോട്ടുനിരോധനം പോലൊരു വിനാശമാകും എന്ന് വിദഗ്ധര്‍ക്കെല്ലാം ഏകാഭിപ്രായമുണ്ട്. കേന്ദ്രത്തിന് വഴങ്ങുന്ന നടപടി റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും ഇതുപോലൊരു നടപടി സ്വീകരിച്ച അര്‍ജന്റീനയിലുണ്ടായ വിദേശ വിനിമയ മേഖലയിലെ തകര്‍ച്ചയെ കുറിച്ച് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആചാര്യ പറഞ്ഞിരുന്നുവെന്നും തോമസ് ഐസക്ക് പറയുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെആയിരുന്നു മന്ത്രിയുടെ വിമർശനം .

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

റിസർവ് ബാങ്കിന്റെ പണത്തിൽ കേന്ദ്രസർക്കാർ നോട്ടമിട്ടിട്ട് കുറച്ചു വർഷമായി. നോട്ടുനിരോധിച്ചപ്പോൾ പറഞ്ഞ ന്യായം ഇതാണ്. കള്ളപ്പണത്തിൽ നല്ലൊരു ഭാഗം തിരിച്ചു വരില്ലെന്നും അങ്ങനെ കേന്ദ്രസർക്കാരിന്റെ ബാധ്യതയിൽ ഒരുഭാഗം ഇല്ലാതാകുമെന്നും മുൻകേന്ദ്രധനമന്ത്രി പോലും വിശ്വസിച്ചിരുന്നു. അപ്പോൾ റിസർവ് ബാങ്കിനുണ്ടാകുന്ന ലാഭം കേന്ദ്രസർക്കാരിനു ലഭിക്കുമെന്നായിരുന്നു അവരുടെ കിനാവ്. ചുരുങ്ങിയത് മൂന്നു ലക്ഷം കോടി രൂപയാണ് ഇങ്ങനെ പ്രതീക്ഷിച്ചത്. എന്നാൽ, അച്ചടിച്ച ഏതാണ്ട് മുഴുവൻ പണവും റിസർവ് ബാങ്കിൽ തിരിച്ചുവന്നു. നോട്ടുനിരോധനം മൂലം രാജ്യത്തിന്റെ സമ്പദ്ഘടന കുട്ടിച്ചോറായത് മിച്ചം. ആ ഘട്ടത്തിലാണ് റിസർവ് ബാങ്കിന്റെ ഭീമൻ കരുതൽ ശേഖരത്തിൽ ബിജെപിയുടെ കണ്ണു വീണത്.

റിസർവ് ബാങ്ക് ധനവ്യവസ്ഥയെ നിയന്ത്രിക്കുന്ന ധനകാര്യസ്ഥാപനമാണ്. നോട്ട് അച്ചടിച്ച് ബോണ്ടുകൾ വാങ്ങുകയും ബാങ്കുകൾക്കു കടം കൊടുക്കുകയുമെല്ലാം ചെയ്യുമ്പോൾ റിസർവ് ബാങ്കിന് വരുമാനമുണ്ടാകും. ചെലവു കഴിഞ്ഞുള്ള ലാഭത്തിൽ ഒരു ഭാഗം ഉടമസ്ഥനായ കേന്ദ്രസർക്കാരിന് വർഷം തോറും ലാഭവിഹിതമായും റിസർവ് ബാങ്ക് നൽകുന്നു. അങ്ങനെ 30,000 കോടി മുതൽ 65000 കോടി വരെ തുക ഓരോ വർഷവും കേന്ദ്രസർക്കാരിലേയ്ക്ക് അടച്ചിട്ടുണ്ട്. ബാക്കി ലാഭം മുഴുവൻ കരുതൽ ശേഖരത്തിലേയ്ക്കും റിസർവ് ബാങ്കിന്റെ മൂലധനശേഷി വർദ്ധിപ്പിക്കുന്നതിലേയ്ക്കും നീക്കിവെയ്ക്കുകയാണ് ചെയ്യുക. ബിജെപി സർക്കാർ ഈ ലാഭവിഹിതം കൊണ്ടു തൃപ്തരല്ല. ഇത്രയധികം മൂലധനവും കരുതൽ ശേഖരവും റിസർവ് ബാങ്കിന് ആവശ്യമില്ലെന്നും ഏഴു ലക്ഷം കോടി രൂപയെങ്കിലും ഒരു വിഷമവുമില്ലാതെ കേന്ദ്രസർക്കാരിലേയ്ക്ക് തരാൻ ഒരു പ്രയാസവും ഉണ്ടാവില്ല എന്നുമാണ് അവർ വാദിച്ചത്.

അതു നോട്ടുനിരോധനം പോലൊരു വിനാശമാകും എന്ന് വിദഗ്ധർക്കെല്ലാം ഏകാഭിപ്രായമായിരുന്നു. ഇത് റിസർവ് ബാങ്കിന്റെ വിശ്വാസ്യത തകർക്കും. ഇതുപോലൊരു നടപടി സ്വീകരിച്ച അർജന്റീനയിലുണ്ടായ വിദേശ വിനിമയ മേഖലയിലെ തകർച്ച റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആചാര്യ തന്റെ പ്രസിദ്ധമായ ബോംബെ പ്രസംഗത്തിൽ പരാമർശിച്ചത് വലിയ വിവാദത്തിന് വഴി തെളിച്ചു.

ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചു പോയി. പക്ഷേ, കേന്ദ്രസർക്കാർ കുലുങ്ങിയില്ല. തങ്ങളുടെ വിശ്വസ്തനായ മുൻ കേന്ദ്ര സെക്രട്ടറി ശക്തികാന്ത് ദാസ് ഗുപ്തയെ ചെയർമാനാക്കി. ഗുരുമൂർത്തിയടക്കം രണ്ടു ബിജെപിക്കാരെ ബോർഡിലേയ്ക്ക് നിർദ്ദേശിച്ചു. അങ്ങനെയാണ് ബിമൽ ജലാൽ കമ്മിറ്റിയെ രൂപീകരിച്ചത്. ജലാൽ പൂർണമായും കേന്ദ്രസർക്കാരിന്റെ താളത്തിനു തുള്ളാൻ തയ്യാറായില്ല. തലയിൽ ആൾത്താമസമുള്ള ഒരാൾക്കും അതിനു കഴിയുമായിരുന്നില്ല. ഈ കമ്മിറ്റിയിൽ അംഗമായ ഫിനാൻസ് സെക്രട്ടറിയും മറ്റു കമ്മിറ്റി അംഗങ്ങളും തമ്മിലുണ്ടായ വാഗ്വാദങ്ങൾ ഇന്ന് അങ്ങാടിപ്പാട്ടാണ്. അവസാനം 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിനു കൈമാറുന്നതിന് ശുപാർശ ചെയ്തു. അങ്ങനെ റിസർവ് ബാങ്കിന്റെ കരുതൽശേഖരത്തിലൊരുഭാഗം കൈക്കലാക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു വർഷത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചിരിക്കുകയാണ്.

മാന്ദ്യത്തിനെതിരെയുള്ള ഉത്തേജകപാക്കേജിന് ഇതു സഹായിക്കും എന്നാണ് പല പ്രമുഖ മാധ്യമങ്ങളുടെയും ശുഭപ്രതീക്ഷ. മൂക്കു തൊടാൻ തലയ്ക്കു പിന്നിലൂടെ കൈ നീട്ടേണ്ട ആവശ്യമെന്ത് എന്ന ചോദ്യം ഈ അവസരത്തിൽ പ്രസക്തമാണ്. ഉത്തേജക പാക്കേജിനു പണം കണ്ടെത്താൻ രണ്ടു മാർഗമുണ്ട്. ഒന്ന്, ബാങ്കുകളിലും കമ്പോളത്തിലും നിന്നും വായ്പയെടുക്കുക. ഇതു ചെയ്താൽ അത്രയും കുറവു പണമേ സ്വകാര്യ നിക്ഷേപകർക്കു ലഭിക്കൂ. തന്മൂലം പലിശ ഉയരാം. രണ്ടാമത്തെ മാർഗം റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുകയാണ്. ഗ്രാമ്യഭാഷയിൽ ഇതിനെയാണ് കമ്മിപ്പണം അച്ചടിക്കുക എന്നു പറയുന്നത്. സാമ്പത്തിക ശാസ്ത്രഭാഷയിൽ monetisation of debt എന്നു പറയും. പുതിയ പണം സമ്പദ്ഘടനയിൽ ഇറക്കുന്നതിനു തുല്യമാണ്. വിലക്കയറ്റം സൃഷ്ടിക്കാം.

ഇതിലേതു മാർഗം സ്വീകരിച്ചാലും വായ്പയായതുകൊണ്ട് ധനക്കമ്മി ഉയരും. ഇത് വിദേശ മൂലധനത്തിന് ചതുർത്ഥിയാണ്. അവരെ അലോസരപ്പെടുത്തിയാൽ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നാം നന്നായി മനസിലാക്കിയിട്ടുണ്ട്. ഷെയർ വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന മെയ്യനങ്ങാ ലാഭത്തിന്മേൽ ചെറിയൊരു നികുതി കേന്ദ്രധനമന്ത്രി ബജറ്റിൽ ഏർപ്പെടുത്തി. രണ്ടാഴ്ച കൊണ്ട് 30,000 കോടി രൂപയാണ് ഓഹരിക്കമ്പോളത്തിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത്. ഓഹരിവിലയും ഇടിഞ്ഞു. ഇപ്പോൾ തന്റെ മിനിബജറ്റിൽ ഈ നികുതി ഒഴിവാക്കിക്കൊടുത്തു. അതോടെ ഓഹരിസൂചിക കുത്തനെ ഉയർന്നു.

ഇന്ത്യാ സർക്കാരിന് വിദേശ നിക്ഷേപകരെ പിണക്കാനാവില്ല. കാരണം സർക്കാർ വക്താക്കൾ വമ്പു പറയുന്ന ഭീമൻ വിദേശ നാണയ കരുതൽ ശേഖരം മുഖ്യമായും ഇവർ കൊണ്ടുവന്നതാണ്. വിദേശ നിക്ഷേപകർ ഫാക്ടറികളും മറ്റും സ്ഥാപിക്കാൻ കൊണ്ടുവന്ന പണമല്ല. ഓഹരി – ചരക്ക് ഊഹക്കച്ചവടത്തിൽ കളിക്കാൻ കൊണ്ടുവന്ന പണമാണ്. അതുകൊണ്ട് ഇത് ഞൊടിനേരം കൊണ്ട് പിൻവലിക്കാൻ പറ്റും. ഇത്തരമൊരു പിൻമാറ്റം രൂപയുടെ വിദേശ വിനിമയ മൂല്യത്തകർച്ചയിലേയ്ക്കും വിദേശ വ്യാപാര സ്തംഭനത്തിലേയ്ക്കും നയിക്കും. ഇന്ത്യാ സർക്കാർ പുലിപ്പുറത്താണ് യാത്ര. താഴെയിറങ്ങാൻ പറ്റില്ല.

അതുകൊണ്ടാണ് കള്ളക്കണക്കെഴുതിയാണെങ്കിലും ധനക്കമ്മി 3.3 ശതമാനത്തിൽ പിടിച്ചു നിർത്തിയുള്ള ബജറ്റ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. ബജറ്റ് അവതരണം കഴിഞ്ഞ ഉടൻതന്നെ പ്രൊഫ. ജയതിഘോഷ് 2018-19ലെ റവന്യൂ വരുമാന ഇടിവ് മറച്ചുവെച്ചതിന്റെ ഫലമായി ബജറ്റിലെ റവന്യൂ വരുമാനം ഏതാണ്ട് ഒരു ലക്ഷത്തിലേറെ കോടി പെരുപ്പിച്ചു കാണിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു. പക്ഷേ, ധനമന്ത്രി പ്രതികരിച്ചില്ല. പിന്നീട് ഐഎംഎഫ് റിപ്പോർട്ടിലും ഇതു പരാമർശിച്ചു. പക്ഷേ, ധനമന്ത്രി ഒന്നും ഉരിയാടിയില്ല.

എല്ലാം നേരത്തെ തീരുമാനിച്ച തിരക്കഥ പ്രകാരം. ഇപ്പോൾ റിസർവ് ബാങ്കിൽ നിന്നുള്ള നികുതിയിതര വരുമാന വർദ്ധനയോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. പക്ഷേ, റിസർവ് ബാങ്കിൽ നിന്നുള്ള ഫണ്ടുകൊണ്ട് ഉത്തേജക പാക്കേജ് ഉണ്ടാകുമെന്ന് പലരും പ്രകടിപ്പിക്കുന്ന പ്രതീക്ഷ ദിവാസ്വപ്നം ആകാനാണ് സാധ്യത. കമ്മി കൂട്ടാതെ ഉത്തേജക പാക്കേജ് സാധ്യമല്ല.

1.76 ലക്ഷം കോടി രൂപ പോലും ഇത്തരത്തിലെടുക്കുന്നത് റിസർവ് ബാങ്കിന്റെ വിശ്വാസ്യതയെയും ആസന്നമായ ധനകാര്യക്കുഴപ്പത്തിൽ ഇടപെടാനുള്ള ശേഷിയെയും ബാധിക്കും എന്ന അഭിപ്രായമാണ് മറ്റു പല ഗവർണമാർക്കും സാമ്പത്തിക വിദഗ്ധർക്കുമുള്ളത്. രഘുറാം രാജൻ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ഒരുമടിയുമില്ലാത്ത ആളാണ്. പക്ഷേ, സാധാരണഗതിയിൽ മിതഭാഷിയായ സുബ്ബറാവു പറഞ്ഞത്, ഇതാണ്: “കേന്ദ്ര ബാങ്കിന്റെ കരുതൽ ധനം ഇങ്ങനെ തട്ടിയെടുക്കുന്നത് സർക്കാരിന്റെ ഗതികേടിന്റെ തീവ്രതയെ വെളിവാക്കുന്നു. നാം വളരെ ശ്രദ്ധയോടെയും മുൻകരുതലോടെയും പ്രവർത്തിക്കേണ്ടിയിരിക്കുന്നു”

റിസർവ് ബാങ്കിന്റെ പണത്തിൽ കേന്ദ്രസർക്കാർ നോട്ടമിട്ടിട്ട് കുറച്ചു വർഷമായി. നോട്ടുനിരോധിച്ചപ്പോൾ പറഞ്ഞ ന്യായം ഇതാണ്….

Posted by Dr.T.M Thomas Isaac on Wednesday, August 28, 2019