പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം ഉടന്‍ നല്‍കും

single-img
29 August 2019

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ഉടന്‍ കുറ്റപത്രം നല്‍കും. എന്നാല്‍ കേസില്‍ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ നടപടികള്‍ അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേരളത്തിലെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്തുവെന്നാണു കേസ്. ഒരേ വാഹനമാണ് മൂവരും രജിസ്റ്റര്‍ ചെയ്തത്. നികുതി വെട്ടിപ്പും വ്യാജരേഖ ചമയ്ക്കലും കണ്ടെത്തി മൂവരെയും ചോദ്യം ചെയ്തു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അമലയ്ക്കും ഫഹദിനുമെതിരെ തുടര്‍നടപടി സാധ്യമല്ലെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്.

ബംഗളൂരുവില്‍ നിന്നു വാഹനം വാങ്ങിയ അമല കേരളത്തില്‍ വാഹനം എത്തിച്ചിട്ടില്ല. അതിനാല്‍ കേസെടുക്കാനുള്ള അധികാരം പുതുച്ചേരി മോട്ടര്‍ വാഹന വകുപ്പിനാണ്. ഫഹദാകട്ടെ കേരളത്തിലേക്കു റജിസ്‌ട്രേഷന്‍ മാറ്റുകയും 19 ലക്ഷത്തോളം രൂപ പിഴ അടയ്ക്കുകയും ചെയ്തു.

എന്നാല്‍ സുരേഷ് ഗോപി ഇതുവരെ പിഴ അടച്ചിട്ടില്ല. കൊച്ചിയില്‍ നിന്നു വാഹനം വാങ്ങി പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്താണ് സുരേഷ് ഗോപി കേരളത്തില്‍ ഉപയോഗിച്ചത്. അതിനാല്‍ നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉടന്‍ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി.