പാലാ ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണിയുടെ പ്രചാരണത്തിന് ഇന്ന് തുടക്കം

single-img
29 August 2019

കെ എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട പാലായില്‍ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ഇന്ന് പ്രചാരണം തുടങ്ങും. ഇന്ന് വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പൻ ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കാണും. അതിന് ശേഷം ഇടത് മുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേർന്ന് പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകും. “കേരളാ കോൺഗ്രസിൽ നിന്നും ജോസ് കെ മാണി എതിരാളിയായാല്‍ ജയം എളുപ്പമാണ്. ജോസ് കെ മാണി മത്സരിക്കാൻ വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല, ജനം പുച്ഛിച്ച് തള്ളും.”- മാണി സി കാപ്പന്‍ പറഞ്ഞു.

മത്സരിക്കാനായി മാണി സി കാപ്പന്‍ ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇടതുമുന്നണിയിലേക്ക് തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം അറിയിച്ചത്. അടുത്തമാസം നാലിന് പാലായിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തും.

മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, യുഡിഎഫില്‍ പാലാ സീറ്റില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തകര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നേതൃത്വം.