പി ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടുവെന്നത് ശുഭവാര്‍ത്ത: ഇന്ദ്രാണി മുഖര്‍ജി

single-img
29 August 2019

ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുൻ കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് സ്ഥാപനത്തിന്റെ സഹ സ്ഥാപക ഇന്ദ്രാണി മുഖര്‍ജി. നിലവിൽ ഷീന ബോറ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി, നല്ല വാര്‍ത്ത- എന്നായിരുന്നു അറസ്റ്റിനോട് പ്രതികരിച്ചത്. പി ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടുവെന്നത് ശുഭവാര്‍ത്തയാണ് – ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു. സ്ഥാപനത്തിന് വിദേശഫണ്ട് സ്വീകരിച്ചതിന് വഴി വിട്ട് സഹായം ചെയ്തുകൊടുത്തെന്ന കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

2007 കാലഘട്ടത്തിൽ ചിദംബരം കേന്ദ്ര ധനകാര്യമന്ത്രിയായിരിക്കെയാണ് മകന്‍ കാര്‍ത്തി ചിദംബരം വഴി ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. പിന്നീട് മകള്‍ ഷീനബോറയെ കൊന്ന കേസില്‍ ഇന്ദ്രാണി മുഖര്‍ജി ജയിലിലായതോടെയാണ് ചിദംബരത്തിന്‍റെയും മകന്‍റെയും പേര് ഇവര്‍ പുറത്തുവിട്ടത്. ഇന്ദ്രാണി മുഖര്‍ജി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് ആരംഭിക്കുന്നത്.

നാല് വർഷംമുൻപാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാകുന്നത്. നിലവിൽ മുംബൈയിലെ ബികുല്ല ജയിലിലാണ് അവരിപ്പോള്‍. ഇതേകേസില്‍ പീറ്റര്‍ മുഖര്‍ജിയും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.