ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടെസ്റ്റ് നാളെ; ഒരു ജയം അകലെ രാജ്യത്തിനായി കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടെസ്റ്റ് നായകനെന്ന നേട്ടത്തില്‍ കോലി

single-img
29 August 2019

വിൻഡീസ് പര്യടനത്തിൽ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ജമൈക്കയിൽ തുടക്കം കുറിക്കാൻ പോകുകയാണ്.രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇപ്പോൾ മുന്നിലാണ്. നാളെ ആരംഭിക്കുന്ന അവസാന മത്സരം സമനിലയിൽ അവസാനിച്ചാലും ഇന്ത്യക്ക് പരമ്പര നേടാം.

ഇതിനു മുൻപ് നടന്ന നേരത്തെ ടി20, ഏകദിന പരമ്പരകള്‍ ടീം ഇന്ത്യ നേടിയിരുന്നു. മത്സരം ജയിച്ചാൽ ഒരു ചരിത്രനേട്ടം കൂടി നായകൻ കോലിക്ക് സ്വന്തമാകും എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യൻ ടീമിന്റെ മുൻ നായകനായിരുന്ന എം എസ് ധോണിയെ പിന്നിലാക്കി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടെസ്റ്റ് നായകനെന്ന നേട്ടം കോലിക്ക് ഒരു വിജയം മാത്രം അകലെയാണ് ഇപ്പോൾ.

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന സൂചനയുമുണ്ട്. പരിക്ക് മാറിയതിനെ തുടർന്ന് കീമോ പോള്‍ വിന്‍ഡീസ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മുൻ മത്സരത്തിലെപോലെ ഷായ് ഹോപ്പ് വിക്കറ്റ് കീപ്പറായി തുടര്‍ന്നേക്കും. ഫോമിലല്ലാത്ത ബാറ്റിംഗ് നിരയാണ് വിന്‍ഡീസിന് ആശങ്ക നല്‍കുന്നത്. എന്നാൽ രഹാനെയും പേസർ ബുമ്രയും ഫോമിലാണ് എന്നുള്ളതാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്.