അമേരിക്ക-ചൈന വ്യാപാര യുദ്ധം ; ഗൂഗിളിന്റെ നിർമ്മാണ പ്രവർത്തനം വൻ തോതിൽ വിയറ്റ്നാമിലേക്ക് മാറ്റുന്നു

single-img
29 August 2019

ആൽഫബെറ്റിന്റെ ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം വൻതോതിൽ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റുന്നു. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് ബുധനാഴ്ച്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ വിയറ്റ്‌നാമിലുള്ള നോക്കിയയുടെ ഒരു പഴയ നിര്‍മാണശാല പുതുക്കി ഉപയോഗിക്കാനാണ് ആൽഫബെറ്റിന്റെ പദ്ധതിയെന്നാണ് നിക്കെയ് പറയുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. ചൈനയിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് അമേരിക്കയിൽ വൻ നികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് ഈ നീക്കത്തിനെ സ്വധീനിച്ചത് എന്നാണ് വിധഗ്ദർ പറയുന്നത്. അമേരിക്കൻ കമ്പനികൾ എത്രയും പെട്ടെന്ന് ചൈന വിടണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈന ഇപ്പോഴും വളരുന്ന വിപണി അയതു കൊണ്ടു തന്നെ അത്ര വേഗം ഗൂഗിൾ ചൈനയെ ഉപേക്ഷിച്ചേക്കില്ല. എന്നാൽ മാറുന്ന സാഹചര്യത്തിൽ മറ്റു സാധ്യതകൾ തേടാൻ ഗൂഗിൾ മടിക്കില്ല എന്നതിന്റെ സൂചനയാണിത്.

നേരത്തെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിക്കെയ് പറഞ്ഞത് ഗൂഗിളിനെ കൂടാതെ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഡെല്‍, എച് പി തുടങ്ങിയ കമ്പനികളും ചൈനയ്ക്കു വെളിയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കുന്ന കാര്യം പരിഗണിക്കുകയാണെന്നാണ്.

ചൈനയെ എന്തും നിര്‍മ്മിച്ചെടുക്കാൻ സുസജ്ജമായ ലോകത്തിന്റെ ഫാക്ടറിയായാണ് കണക്കാക്കിയിരുന്നത്. ആശയങ്ങള്‍, രൂപരേഖകളൊക്കെ ഏറ്റവും ചെലവു കുറഞ്ഞും ചാതുര്യത്തോടെയും നിര്‍മ്മിച്ചെടുക്കാന്‍ കമ്പനികള്‍ ഇത്രകാലം ആശ്രയിച്ചുവന്നത് ചൈനയെയാണ്. എന്നാൽ വമ്പിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ചൈനയുടെ ഭൂപ്രകൃതിയെ ദുഷിപ്പിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ടെക്‌നോളജി വമ്പന്മാര്‍ ചൈന വിട്ടാല്‍ അതിന്റെ നേട്ടം ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കാകും എന്നും വിലയിരുത്തുന്നുണ്ട്.