അറുപത് വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 20 ലക്ഷം മത്സരങ്ങള്‍; സ്വന്തമാക്കിയത് 7000 വിക്കറ്റുകള്‍; അത്ഭുതമായി ഈ വെസ്റ്റിൻഡീസ് പേസ് ബോളർ

single-img
28 August 2019

ദീര്‍ഘമായ അറുപത് വര്‍ഷം നീണ്ട കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് പേസ് ബോളർ സെസിൽ റൈറ്റ്. വിന്‍ഡീസ് ഇതിഹാസ താരങ്ങളായ വിവിയൻ റിച്ചാർഡ്സ്, ജോയൽ ഗാർണർ എന്നിവരുടെ കാലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന താരമാണ് 85ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
സുഹൃത്തുക്കള്‍ക്കിടയില്‍ സെസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സെസില്‍ റൈറ്റിന്‍റെ ക്രിക്കറ്റ് കരിയര്‍ ഒരു അത്ഭുതമെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം.

അദ്ദേഹം തന്റെ കരിയറില്‍ ഇതുവരെയായി കളിച്ചത് 20 ലക്ഷത്തോളം മത്സരങ്ങളാണ്. ഇത് സെസ് തന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയ കണക്കാണ്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 7000വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വിന്‍ഡീസിലെ പ്രമുഖ ക്ലബ്ബായ ബാർബഡോസിനെതിരെ ജമൈയ്ക്കായി കളിച്ചുകൊണ്ടാണ് സെസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത്.

1959 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലേക്ക് താമസം മാറിയ താരം ജീവിത സാഹചര്യങ്ങള്‍ മോശമായിട്ടും ക്രിക്കറ്റ് കളി ഉപേക്ഷിച്ചില്ല.മൂന്ന് വര്‍ഷ കാലത്തേക്ക് ഇംഗ്ലണ്ടിലെത്തിയ സെസില്‍ പിന്നെ അവിടെ തുടരുകയായിരുന്നു.
ആദ്യം മുന്‍നിര ലീഗുകളില്‍ സജീവമായിരുന്ന സെസ് ക്രമേണ പ്രായം കൂടുന്നതനുസരിച്ച് താഴ്ന്ന ലീഗുകളിലേക്ക് ചുവടുമാറ്റി. നിലവില്‍ പെന്നി ക്രിക്കറ്റ് ലീഗിലെ അപ്പർമിൽ ക്രിക്കറ്റ് ക്ലബ്ബിന്‍റെ ഭാഗമായിരിക്കെയാണ് വിരമിക്കല്‍.

അടുത്ത മാസം ഏഴിനു നടക്കുന്ന ഈ വിരമിക്കല്‍ മത്സരശേഷം സെസിന് ഏറ്റവും അനുയോജ്യമായ യാത്രയയപ്പ് നൽകുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.