സ്കൂൾ വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം: എതിര്‍ത്ത് സംഘപരിവാര്‍ സംഘടന

single-img
28 August 2019

ഡല്‍ഹി: സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ സംഘപരിവാര്‍ സംഘടന രംഗത്ത്. ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന സംഘടനയാണ് പ്രതിഷേധവുമായി വന്നിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. വിദ്യാഭ്യാസ നയത്തിലെ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാ‍നം കുട്ടികളില്‍ പ്രതികൂലഫലങ്ങളാണ് ഉണ്ടാക്കുകയെന്നാണ് സംഘടനയുടെ നിലപാട്.

ആർഎസ്എസ് പ്രചാരകനായ വിദ്യാഭ്യാസ വിദഗ്ധന്‍ ദിനനാഥ് ബത്രയാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന സംഘടനക്ക് രൂപം നല്‍കിയത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തദ്ദേശവത്കരണം കൊണ്ടുവരിക എന്നതാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന സംഘടനയുടെ ലക്ഷ്യം. ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാറിൽപ്പെട്ട ഒരു സംഘടനയാണിത്. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണമാണ് നല്‍കേണ്ടതെന്നാണ് ദിനനാഥ് ബത്ര പറയുന്നത്.

മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കണമെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. വിദ്യാര്‍ത്ഥികള്‍ മനുഷ്യ ശരീരത്തേക്കുറിച്ചും അവയവങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. നിലവില്‍ അവ ശാസ്ത്രപഠനത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ടെന്നും സംഘടയുടെ സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു. ആര്‍.കെ. കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.