പുരാതനകാലത്ത് രാമസേതു നിർമ്മിച്ചത് ഇന്ത്യയിലെ എഞ്ചിനീയർമാർ: കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ

single-img
28 August 2019

ഇന്ത്യൻ എന്‍ജിനീയർമാരാണ് പുരാതനകാലത്ത് രാമസേതു നിർമ്മിച്ചതെന്നും ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്‌കൃതമാണെന്നും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ. ഖരഗ്പൂര്‍ ഐഐടിയുടെ 65-ാമത് ബിരുദദാന ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം.

രാമസേതു, സംസ്കൃതം എന്നിവയിൽ ഗവേഷണം നടത്താൻ എന്‍ജിനീയർമാരോട് മന്ത്രി ആവശ്യപ്പെട്ടു.

“സാങ്കേതിക രംഗത്ത് ഈ രാജ്യം എത്രത്തോളം പുരോഗമിച്ചുവെന്ന കാര്യത്തില്‍ ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങളുണ്ടോ? ഈ രാജ്യത്തെ എന്‍ജിനീയർമാരുടെ നിലവാരം എന്തായിരുന്നു? രാമസേതുവിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് നിര്‍മിച്ചത് അമേരിക്ക, ബ്രിട്ടൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എന്‍ജിനീയർമാരാണോ? ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ രാമസേതു നിര്‍മ്മിച്ചത് നമ്മുടെ എന്‍ജിനീയർമാരാണ്.”

രമേശ് പൊഖ്രിയാൽ പറഞ്ഞു.

സംസ്കൃതമാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ സംസാരിക്കുന്ന കമ്പ്യൂട്ടറുകളെ വികസിപ്പിച്ച് എടുക്കുമ്പോൾ സംസ്കൃതമാണ് ഏറ്റവും അനുയോജ്യമായ ഭാഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്കൃതം എന്ന് പറയുന്നത് ദൈവത്തിന്‍റെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടയില്‍ രാമസേതുവിനെ കുറിച്ചുള്ള തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണോയെന്നും മന്ത്രി സദസിനോട് ചോദിച്ചു.

എന്നാല്‍, മന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ ആരും തയാറായില്ല. നേരത്തെ, സര്‍ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ വേദങ്ങള്‍ അതേകുറിച്ച് പരാമര്‍ശിച്ചിരുന്നുവെന്നുള്ള രമേശ് പൊഖ്രിയാലിന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.