വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തുറന്നു; ഭദ്രദീപം കൊളുത്തിയത് ഉമ്മന്‍ചാണ്ടി

single-img
28 August 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി തന്റെ ഓഫീസ് തുറന്നു. വയനാട് ജില്ലയിലെ കൽപ്പറ്റയിലെ ഗൗതം കെട്ടിടത്തിലാണ് എംപി ഓഫീസ് പ്രവര്‍ത്തിക്കുക. ഇന്ന് നടന്ന ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭദ്രദീപം തെളിയിച്ചു.

മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും എംപി ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിനുമായി രാഹുല്‍ ഗാന്ധി ഇന്നലെയാണ് എത്തിയത്. മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ നേരിട്ടതിനെ തുടർന്നുള്ള പുനര്‍നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം ആണെന്നും അതിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ന് മണ്ഡലത്തിലെ എട്ട്‌ സ്ഥലങ്ങളിലാണ് രാഹുല്‍ സന്ദര്‍ശിച്ചത്. തുടർന്ന് നാളെ കോഴിക്കേട്ടേക്കും പിന്നീട് മലപ്പുറം ജില്ലയിലേക്കും പോകും. ദുരന്തം നാശംവിതച്ച മേഖലകളില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും രാഹുല്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.