ഇപ്പോൾ ലോകചാമ്പ്യൻ; അടുത്ത ലക്‌ഷ്യം എന്തെന്ന് വെളിപ്പെടുത്തി പിവി സിന്ധു

single-img
28 August 2019

ബാഡ്മിന്റണ്‍ ചരിത്രത്തിൽ ഇന്ത്യയിലേക്ക് ആദ്യമായി ലോകചാമ്പ്യൻ പട്ടംകൊണ്ടുവന്ന പിവി സിന്ധു തന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ്. വരുന്ന വർഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടുകയാണ് ഇനി തന്റെ സ്വപ്‌നമെന്ന് സിന്ധു പറയുന്നു.

ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടുന്നതിനായി ഇനി നടക്കാനുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താനാണ് താന്‍ ശ്രമിക്കുകയെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ വാരം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസെലില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജപ്പാൻ താരം നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു കന്നി ലോകകിരീടത്തില്‍ മുത്തമിട്ടത്.

ലോകചാമ്പ്യൻ കിരീടം നേടിയതോടെ തനിക്കു മേലുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചതായും ഇത് ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും സിന്ധു വ്യക്തമാക്കി. “തീർച്ചയായും അത് അങ്ങിനെയാണ്, ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ജയം വളരെ വലുതാണ്. കൂടുതല്‍ ആത്മവിശ്വാസമാണ് അത് നല്‍കിയത്. തുടര്‍ന്നും ഇതേ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാനാണ് ശ്രമിക്കുന്നത്.”- സിന്ധു പറയുന്നു.