പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും; മാണി സി കാപ്പന്റെ പേരില്‍ എന്‍സിപിയില്‍ ആഭ്യന്തര കലഹം

single-img
28 August 2019

കെഎം മാണിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പാലായിലെ സീറ്റ് എന്‍സിപിയ്ക്ക് നല്‍കിയിട്ടുള്ള തിനാല്‍ ഇടതുമുന്നണി യോഗത്തിനു മുന്‍പ് പാര്‍ട്ടി നേതൃയോഗം തിരുവനന്തപുരത്തു ചേരും.

നിലവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി എന്‍സിപിയില്‍ ആഭ്യന്തര കലഹം തുടങ്ങിക്കഴിഞ്ഞു. നേതാവായ മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.

താന്‍ ഇനി പാലായില്‍ നിന്നു മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നുവെന്നും ധാരാളം സാമ്പത്തിക ക്രമക്കേട് കേസുകള്‍ കാപ്പനെതിരെ ഉണ്ടെന്നും ആരോപിച്ച് ചിലര്‍ പാര്‍ട്ടി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കു കത്തയച്ചു. എല്‍ഡിഎഫ് നടത്തുന്ന ഒരു പരിപാടിയിലും കാപ്പന്‍ പങ്കെടുക്കാറില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്കെതിരെ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്ത ശേഷം പാര്‍ട്ടിയോട് ആലോചിക്കാതെ പിന്‍വലിച്ചെന്നും കത്തില്‍ പറയുന്നു.

ഇതിന് മുന്‍പ് മൂന്നുതവണയാണു മുന്‍പ് മാണി സി കാപ്പന്‍ പാലാ മണ്ഡലത്തില്‍ കെ എം മാണിയെ നേരിട്ടത്. എല്ലാതവണയും മാണിയോടൊപ്പം വിജയം നിന്നെങ്കിലും കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു.