ചിദംബരത്തിനു ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ ഗൌർ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന ട്രിബ്യൂണലിന്റെ ചെയർമാൻ ആയേക്കും

single-img
28 August 2019

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യ നിഷേധിച്ച ജസ്റ്റിസ് സുനിൽ ഗൌറിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അപ്പലേറ്റ് ട്രിബ്യൂണൽ (Appellate Tribunal for Prevention of Money Laundering Act -ATPMLA) ചെയർമാൻ ആയി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്.

നിലവിലെ ചെയർമാൻ ജസ്റ്റിസ് മന്മോഹൻ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് ഇദ്ദേഹത്തെ നിയമിക്കുന്നത്.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സുനിൽ ഗൌർ ഓഗസ്റ്റ് 20-ന് പുറപ്പെടുവിച്ച വിധിയാണ് ചിദംബരത്തിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത്. ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐയുടേ അറസ്റ്റ് തടഞ്ഞുകൊണ്ട് തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച അപേക്ഷ ജസ്റ്റിസ് സുനിൽ ഗൌർ തള്ളിയതോടെയാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.

കേസിലെ കുറ്റകൃത്യത്തിന്റെ “സൂത്രധാരൻ” എന്നായിരുന്നു ചിദംബരത്തെ ജസ്റ്റിസ് സുനിൽ ഗൌർ വിശേഷിപ്പിച്ചത്. താൻ വിരമിക്കുന്നതിന് രണ്ട് ദിവസം മുന്നേ ജസ്റ്റിസ് സുനിൽ ഗൌർ പുറപ്പെടുവിച്ച അവസാനത്തെ വിധിയായിരുന്നു അത്.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ വിചാരണ ചെയ്യാനിടയാക്കിയ വിധിയും ജസ്റ്റിസ് സുനിൽ ഗൌർ ആയിരുന്നു പുറപ്പെടുവിച്ചത്.

അഗസ്റ്റ വെസ്റ്റ് ലാൻഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ അനന്തിരവൻ രതുൽ പുരിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതും ഇദ്ദേഹമായിരുന്നു.

2008-ലാണ് ജസ്റ്റിസ് സുനിൽ ഗൌർ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.