രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി; വാങ്ങാന്‍ ആളില്ല; ലക്‌സിനും ലൈഫ് ബോയ്ക്കും വിലകുറച്ചു

single-img
28 August 2019

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാവുകയും ചെയ്തതിനെ തുടര്‍ന്ന് ലക്‌സ്, ലൈഫ് ബോയ്, ഡോവ് എന്നീ സോപ്പുകളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ഈ നടപടിയിലൂടെ വീണ്ടും ആളുകളെ തങ്ങളുടെ ഉത്പന്നങ്ങൾ പ്രേരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞ മാസം മുതലാണ് ഈ സോപ്പുകളുടെ വിലകുറച്ചിരിക്കുന്നത്. ലൈഫ് ബോയ്, ലക്‌സ് സോപ്പുകള്‍ക്ക് ആദ്യം 4% മുതല്‍ 6% വരെയാണ് വിലകുറച്ചത്.

എന്നാൽ ചില പാക്കുകളില്‍ ഇത് 20% മുതല്‍ 30% വരെയാണ്. രാജ്യമാകെ 20,960 കോടി രൂപയുടെ സോപ്പ് വിപണിയില്‍ ലക്‌സും ലൈഫ് ബോയും നിലവിൽ ഒന്നാം സ്ഥാനത്തുള്ളവരാണ്. അതിൽ ലൈഫ് ബോയാണ് ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള സോപ്പ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിമൂലം ആളുകള്‍ ഈ സോപ്പുകളെ കൈവിട്ട് മറ്റു കമ്പനികളുടെ വിലകുറഞ്ഞ സോപ്പുകളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു എന്ന് കമ്പനി വിലയിരുത്തുന്നു.

ഹിന്ദുസ്ഥാന്‍ യൂണിലിവർ ഇറക്കുന്ന പ്രധാന സോപ്പ് ബ്രാന്‍ഡുകളായ ഡോവ്, പിയേര്‍സ്, ആയുഷ്, ലക്‌സ് എന്നിവയാണ് പ്രധാനമായും ഈ വെല്ലുവിളി നേരിടുന്നത്. പ്രതിസന്ധിയെ തുടർന്ന് സ്‌നാക്ക്‌സ്, ബിസ്‌ക്കറ്റ്, സുഗന്ധ വ്യഞ്ജനങ്ങള്‍, ടോയ്‌ലറ്റ് സോപ്പുകള്‍, പാക്കറ്റ് തേയില എന്നിവയുടെ കച്ചവടം കഴിഞ്ഞ പാദത്തില്‍ വളരെ കുറഞ്ഞതായി സാമ്പത്തിക ഗവേഷണ കേന്ദ്രമായ നീല്‍സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.