സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ സന്തുഷ്ടനല്ല; ആധാര്‍-വോട്ടര്‍ ഐ ഡി ബന്ധിപ്പിക്കല്‍ ആവശ്യത്തിനെതിരെ ജസ്റ്റിസ് ശ്രീകൃഷ്ണ

single-img
28 August 2019

രാജ്യത്തെ പൌരന്മാരുടെ ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ നിയമം കൊണ്ടുവരണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തിനെതിരെ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. ഇത് ഏറ്റവും അപകടകരമായ സാഹചര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് വ്യക്തിഗത വിവര സംരക്ഷണ ബില്ലിന്റെ കരട് തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ. ആ ബില്ലിന്റെ കരട് സമര്‍പ്പിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും അത് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചില്ലെന്നതും സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ താന്‍ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൌരന്മാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൊസില്ലയും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനുമാണ് പരിപാടി സംഘടിപ്പിച്ചത്. ‘കേംബ്രിജ് അനലിറ്റിക്കയ്ക്ക് പകരം നിങ്ങള്‍ക്കൊരു ഡല്‍ഹി അനലിറ്റിക്കയും മുംബൈ അനലിറ്റിക്കയും കല്‍ക്കട്ട അനലിറ്റിക്കയുമുണ്ടാകും. അതാണ് അപകടകരം.’- അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 87 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം നേരിടുന്ന കമ്പനിയാണ് കേംബ്രിജ് അനലിറ്റിക്ക.

ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കലിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ‘നമ്മുടെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് ചിലപ്പോള്‍ നിലവില്‍ എന്റെ പേരും വിലാസവും കുടുംബാംഗങ്ങളുടെ പേരും അറിയാമായിരിക്കും. എന്നാല്‍ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ എന്റെ മൗറീഷ്യസിലുള്ള പണം എത്രയാണെന്നു വരെ അറിയാന്‍ കഴിയും.’- അദ്ദേഹം പറഞ്ഞു.