കോഫി ഷോപ്പില്‍ ധാരാളം ആളുകള്‍ ഉണ്ടെന്നും റൂമില്‍ പോയി സംസാരിക്കാമെന്നും സംവിധായകൻ നിര്‍ബന്ധം പിടിച്ചു; കാസ്റ്റിംഗ് കൗച്ച്‌ അനുഭവം തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍

single-img
27 August 2019

തന്റെ കരിയറില്‍ ആരംഭ കാലഘട്ടത്തില്‍ നേരിട്ട കയ്പ്പ് നിറഞ്ഞ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടി വിദ്യ ബാലൻ. ഒരുപ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെയും കുറിച്ച്‌ വെളിപ്പെടുത്തിയത്. സിനിമയില്‍ നായികയ്ക്ക് ചേര്‍ന്ന രൂപമല്ല എന്റേതെന്ന് പറഞ്ഞ് പല നിര്‍മ്മാതാക്കളും അപമാനിച്ചു, കരാര്‍ വെച്ച ധാരാളം സിനിമകളില്‍ നിന്ന് അവസാന നിമിഷം എന്നെ മാറ്റി, ഒരുതവണ ചിത്രീകരിച്ച ഭാഗങ്ങള്‍ കാണിച്ച്‌ ഒരു നായികയ്ക്ക് വേണ്ട രൂപഭംഗി ഇല്ലെന്ന് വരെ പറഞ്ഞിരുന്നു.

ഈ പ്രവൃത്തി എന്നെ ഒരുപാട് വേദനിപ്പിച്ച സംഭവം ആയിരുന്നു. പിന്നീടുള്ള ആറുമാസത്തോളം കാലം എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു. ക്രമേണ എന്റെ രൂപം മോശമാണെന്ന തോന്നല്‍ എനിക്കും ഉണ്ടായി. പക്ഷെ ഇവയിലൊന്നും തളർന്നു പോകാതെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ താരം ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തി.- ,വിദ്യ പറയുന്നു.

അതേപോലെ താൻ നേരിട്ട മറ്റൊരു അനുഭവവും താരം പങ്കുവെച്ചു. ഒരു സമയം ചെന്നൈയില്‍ വെച്ച്‌ ഒരു സംവിധായകന്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തോട് കോഫി ഷോപ്പില്‍ വെച്ച്‌ സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ കോഫി ഷോപ്പില്‍ ധാരാളം ആളുകള്‍ ഉണ്ടെന്നും റൂമില്‍ പോയി സംസാരിക്കാമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. അങ്ങിനെ ഒടുവില്‍ റൂമില്‍ ചെന്നശേഷം ഞാന്‍ വാതില്‍ തുറന്നിട്ട് സംസാരിച്ചു, അതോടുകൂടി അയാള്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ തിരിച്ചു പോയി’ – വിദ്യാ ബാലന്‍ പറയുന്നു.