ബിജെപിയുടെ മുൻകേന്ദ്രമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ വിദ്യാർത്ഥിനിയെ കാണാനില്ല

single-img
27 August 2019

മൂന്നാമത് മൂന്നാം വാജ്പേയി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെ പരാതിയുമായി രംഗത്തുവന്ന നിയമ വിദ്യാർത്ഥിനിയെ കാണാനില്ല. താൻ ഉൾപ്പെടെയുള്ള നിരവധി പെൺകുട്ടികളെ ചിന്മയാനന്ദ് ഉപദ്രവിക്കുന്നുവെന്നും ജീവിതം നശിപ്പിക്കുന്നുവെന്നും ആരോപണമുയർത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവരെ കാണാതായത്. തന്റെ അടുത്ത് ഇദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകളുള്ളതിനാൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കാൻ സ്വാമി ചിന്മയാനന്ദ ശ്രമിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പെൺകുട്ടി ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്നെ സഹായിക്കണമെന്ന് വീഡിയോയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു. ഷാജഹാൻപുരിലെ എസ്എസ് കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ് പരാതിക്കാരി. ഈ മാസം 23 നാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. അതിന് തൊട്ടടുത്ത ദിവസം മുതൽ ഇവരെ ഹോസ്റ്റലിൽ നിന്നും കാണാതായി.

മകളെ കാണാനില്ല എന്ന് പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മാത്രമല്ല, മകളെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് പിതാവ് പറഞ്ഞു. ആരോപണ വിധേയനായ സ്വാമി ചിന്മയാനന്ദയ്ക്ക് എതിരെ 2011 നവംബറിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളുൾപ്പടെയുള്ള കേസുകൾ കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് സർക്കാർ പിൻവലിച്ചിരുന്നു. വളരെ വർഷങ്ങൾ സ്വാമി ചിന്മയാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന യുവതിയാണ് അന്ന് പരാതിയുമായി രംഗത്ത് വന്നത്.