കൊങ്കൺ പാതയിൽ മണ്ണിടിച്ചില്‍; കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരും

single-img
27 August 2019

കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏര്‍പ്പെടുത്തിയ ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരും. മംഗളൂരുവിൽ കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ്‌ നിയന്ത്രണം. കേരളത്തിലേക്കുള്ള തിരുവനന്തപുരം – മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എന്നിവ പാലക്കാട് വഴി തിരിച്ച് വിട്ടു.

അതോടൊപ്പം എറണാകുളം – അജ്മീർ, മുംബൈ ലോക്മാന്യതിലക് – കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് എന്നീ തീവണ്ടികളും പാലക്കാട് വഴിയാണ് സർവീസ് നടത്തുക. മണ്ണിടിഞ്ഞ പാത ഗതാഗതയോഗ്യമാക്കാനായുള്ള നടപടികൾ തുടരുകയാണെന്നും ഉടൻതന്നെ ഗതാഗതയോഗ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണ റയിൽവേ അറിയിച്ചു.