ആള്‍മാറാട്ടം നടത്തി അമിത് ഷായുടെ വിമാനം പറത്താന്‍ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

single-img
27 August 2019

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ അവസരം ലഭിക്കുന്നതിനായി വൈമാനികന്‍ ആള്‍മാറാട്ടം നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിങ് കമാന്‍ഡറായ് ജെ എസ് സങ്വാനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബിഎസ്എഫിൽ പൈലറ്റായിരുന്ന സങ്വാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇ-മെയില്‍ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ അമിത് ഷായുടെ വിമാനം പറത്താന്‍ അനുമതി നേടിയെന്നാണ് പരാതി.

ഇദ്ദേഹം കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള പൈലറ്റാണ്. അമിത് ഷാ സഞ്ചരിക്കുന്ന വിമാനം പറത്താന്‍ അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് ബിഎസ്എഫിന്‍റെ എയര്‍ വിങ്ങില്‍നിന്ന് നിരവധി ഇ-മെയിലുകള്‍ എല്‍ആന്‍ഡ്ടിക്ക് ലഭിച്ചിരുന്നു. രാജ്യത്തെ വിഐപി യാത്രകള്‍ക്കായി ബിഎസ്എഫിന് വിമാനങ്ങള്‍ എത്തിക്കുന്നത് എല്‍ആന്‍ഡ്ടിയാണ്. ബിഎസ്എഫിൽ നിന്നും ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അമിത് ഷായുടെ വിമാനം പറത്താന്‍ സങ്വാന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആള്‍മാറാട്ടം പുറത്തായത്.

ഒരു വിഐപി വിമാനം പറത്തുന്നതിനുള്ള മതിയായ യോഗ്യത അദ്ദേഹത്തിനില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മന്ത്രിസഭയിലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമാനം പറത്താന്‍ 1000 മണിക്കൂര്‍ എങ്കിലും പറക്കല്‍ പരിചയം വേണമെന്നാണ് മാനദണ്ഡം. എന്നാൽ എന്തിനാണ് ആള്‍മാറാട്ടത്തിലൂടെ ശ്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.